ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അമേരിക്കയിൽ പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക സ്ഥിതിയിൽ മോദി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
“ന്യൂയോർക്കിൽ വച്ച് പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിനെ കണ്ടു. മേഖലയിൽ സമാധാനവും സുസ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. പലസ്തീനിലെ ജനങ്ങളുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വീക്ഷണങ്ങൾ പരസ്പരം കൈമാറി,” എക്സിൽ കുറിച്ച പോസ്റ്റിൽ മോദി പറഞ്ഞു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യു.എസ്സിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. നേരത്തെ, ആഗോളവളർച്ചയ്ക്കും വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും പ്രതിജ്ഞാബദ്ധതയും ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.