ഒട്ടാവ: ഏറെ നാളുകള്‍ക്കുശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ ധാരണ. ഇന്ത്യയും കാനഡയും പുതിയ ഹൈകമ്മീഷണര്‍മാരെ നിയമിക്കും. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം.
കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന മുൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തലത്തിലെ അകൽച്ച തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളിൽ ഉറച്ച വിശ്വസിച്ചുകൊണ്ട് ഇന്ത്യയും കാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്.