മസ്‌കത്ത്/ദുബായ്: ഇറാന്‍ ഇസ്രായേല്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനങ്ങള്‍ പലതും സര്‍വീസ് റദ്ദാക്കി. ആക്രമണം ശക്തമാക്കുമെന്നും തെഹ്‌റാനിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകണം എന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടത് ആശങ്ക വര്‍ധിപ്പിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി. ഇതോടെ വിമാന യാത്രകള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.
ഒമാന്‍ കേന്ദ്രമായുള്ള സലാം എയര്‍ മൂന്ന് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയതായി അറിയിച്ചു. ഇറാന്‍, ഇറാഖ്, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് ആണ് റദ്ദാക്കിയിട്ടുള്ളത്. ഈ മാസം 20 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. സയാം എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാനേജ് ബുക്കിങ് എന്ന ഭാഗത്ത് പരിശോധിച്ച ശേഷമേ യാത്ര പ്ലാന്‍ ചെയ്യാവൂ എന്നും കമ്പനി അറിയിച്ചു.
അതേസമയം, യുഎഇയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങള്‍ ജോര്‍ദാനിലെ അമ്മാനിലേക്കും ലബ്‌നാനിലെ ബെയ്‌റൂത്തിലേക്കുമുള്ള സര്‍വീസ് ഈ മാസം 22 വരെ റദ്ദാക്കിയിട്ടുണ്ട്. ഇറാനിലെ തെഹ്‌റാന്‍, ഇറാഖിലെ ബഗ്ദാദ്, ബസറ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് ജൂണ്‍ 30 വരെയും എമിറേറ്റ്‌സ് സസ്‌പെന്റ് ചെയ്തു. യുദ്ധഭീതി ഒഴിയുകയാണെങ്കില്‍ തീരുമാനത്തില്‍ മാറ്റം വന്നേക്കും.
ഇത്തിഹാദ് എയര്‍വേയ്‌സ് അബുദാബിയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്കുള്ള സര്‍വീസ് ജൂണ്‍ 17 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. ജോര്‍ദാന്‍, ലബ്‌നാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. ഇത്തിഹാദ് ഡോട്ട് കോം, അന്വേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധിച്ച് പുതിയ വിവരങ്ങള്‍ എടുക്കാം. അതേസമയം, വിസ് എയര്‍ ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കുമുള്ള എല്ലാ സര്‍വീസും ജൂണ്‍ 20 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.
ജോര്‍ദാന്‍, ലബ്‌നാന്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ ജൂണ്‍ 16 വരെയാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. കൂടാതെ ബെലാറസിലെ മിന്‍സ്‌ക്, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ജൂണ്‍ 17 വരെ റദ്ദാക്കി. ഇറാന്‍, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ജൂണ്‍ 20 വരെയും ഫ്‌ളൈ ദുബായ് റദ്ദാക്കിയിട്ടുണ്ട്.
ജോര്‍ദാന്‍ വ്യോമപാത അടച്ചതായി പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് തുടന്നു. ഇറാന്റെ തൊടുത്തുവിടുന്ന മിസൈലുകള്‍ ജോര്‍ദാന്‍ കടന്നുവേണം ഇസ്രായേലിലെത്താന്‍. ഈ മിസൈലുകള്‍ ജോര്‍ദാന്‍ സൈന്യം വെടിവച്ചിടുന്നുണ്ട്. കൂടാതെ അമേരിക്കയുടെ നാവിക സേന മെഡിറ്ററേനിയന്‍ കടലില്‍ വച്ചും ഇറാന്റെ മിസൈലുകള്‍ തകര്‍ക്കുകയാണ്. ഈ രണ്ട് തടസങ്ങള്‍ കടന്ന് ഇസ്രായേലിലേക്ക് മിസൈലുകള്‍ എത്തിയാല്‍ അയണ്‍ ഡോം, താഡ് എന്നിവ പ്രതിരോധിക്കും. ഇതെല്ലാം മറികടന്ന് മിസൈലുകള്‍ ഇസ്രായേലില്‍ പതിക്കുന്നുണ്ട്.
അതേസമയം, അമേരിക്കയുമായി നടത്തിവന്ന ആണവ ചര്‍ച്ച നിര്‍ത്തിവയ്ക്കുന്നതായി ഇറാന്‍ അറിയിച്ചു. ഒമാനിലും റോമിലുമായിട്ടാണ് ഇതുവരെ ചര്‍ച്ചകള്‍ നടന്നിരുന്നത്. ഇസ്രായേല്‍ ആക്രമണം നടത്തുകയും അമേരിക്ക പിന്തുണ നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഇറാന്‍ അറിയിച്ചു.