ന്യൂയോർക്ക്: യു.എസ്സിൽ ബാക്ടീരിയൽ അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം. യു.എസ്സിലെ സൗത്ത് കരോലിന സ്വദേശി വില്യം ഹാൻഡ്(14) ആണ് അപൂർവവും അതിവേഗം പടരുന്നതുമായ അണുബാധ പിടിപെട്ട് മരിച്ചത്. ജൂൺ എട്ടിനായിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയാണ് വില്യം. സംഭവത്തിന് പിന്നാലെ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാൻ പ്രദേശവാസികൾക്ക് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ എട്ടിന് പുലർച്ചെയോടെ വില്യമ്മിന് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. രാവിലെ അഞ്ചിന് മുമ്പ് അവൻ ഉണർന്നിരുന്നു. പിന്നീട്, കാര്യങ്ങൾ അതിവേഗം വഷളാവുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. ‘അവനെ ദൈവം തന്നിലേക്ക് വിളിച്ചു. മകനേ നിന്നെ ഞാൻ വീണ്ടും കാണും’, മകന്റെ ചിത്രത്തോടൊപ്പം അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
മെനിൻജോകോക്കീമിയ(meningococcemia) എന്നും മെനിൻജോകോക്കൽ സെപ്റ്റിസീമിയ(meningococcal septicemia) എന്നും അറിയപ്പെടുന്ന വളരെ അപൂർമായ രക്ത അണുബാധ വില്ല്യമിന് ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നെയിസ്സീരിയ മെനിൻജിറ്റിഡിസ്(Neisseria meningitidis) എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. ഈ ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെ അത് അതിവേഗം പടരുമെന്ന് ഡോ. അന്ന കാതറിൻ പറഞ്ഞതായി ഫോക്സ് കരോലിന റിപ്പോർട്ട് ചെയ്തു. ഒരിക്കൽ പടരുന്നതോടെ രോഗബാധിതനായ വ്യക്തിയെ രക്ഷിക്കാൻ വളരെ ബുദ്ധിമുട്ട് ആണെന്നും അവർ കൂട്ടിച്ചേർത്തു.