Thursday, July 3, 2025
HomeGulfകെനിയ ബസ് അപകടം: പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കെനിയ ബസ് അപകടം: പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനപ്രതിനിധികള്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്‌റോബി അധികൃതരുടെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തില്‍ കൂടിയാണ് അവര്‍ക്കൊപ്പം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് എത്തിക്കുന്നത്. ഖത്തറില്‍ നിന്ന് വിനോദസഞ്ചാരത്തിന് പോയ 28 അംഗ ഇന്ത്യന്‍ പ്രവാസി സംഘമായിരുന്നു കെനിയയില്‍ അപകടത്തില്‍പ്പെട്ടത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹങ്ങളാണ് ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കുക. ഗീതയുടെ മൃതദേഹം കൊച്ചിയില്‍ തന്നെയായിരിക്കും സംസ്‌കരിക്കുക. ഇവരുടെ മക്കള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജസ്‌നയുടേയും മകളുടേയും മൃതദേഹം സ്വദേശമായ പേഴക്കാപ്പള്ളിലേയ്ക്ക് കൊണ്ടും. പാലക്കാട് സ്വദേശിനി റിയ ആനിന്റേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments