ബെൽജിയം: ഭീകരാക്രമണം വഴി പ്രകോപിപ്പിച്ചാൽ ഇന്ത്യ പാകിസ്താനിൽ കനത്ത ആക്രമണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പഹൽഗാം ആക്രമണം പോലുള്ള ക്രൂരമായ പ്രവൃത്തികൾ ഭാവിയിൽ ഉണ്ടായാൽ തീവ്രവാദ സംഘടനകളും അവരുടെ നേതാക്കളും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ഓപറേഷൻ സിന്ദൂർ ആരംഭിച്ച് ഒരു മാസത്തിനുശേഷം യൂറോപ്പിലേക്ക് പോകുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ ആയിരക്കണക്കിന് തീവ്രവാദികളെ തുറന്നസ്ഥലത്ത് പരിശീലിപ്പിക്കുകയും ഇന്ത്യയിൽ അഴിച്ചുവിടുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇന്ത്യ അത്തരം നീക്കങ്ങൾ സഹിക്കാൻ പോകുന്നില്ല. അവർ എവിടെയാണെന്നത് ഞങ്ങൾക്ക് പ്രശ്നമല്ല. അവർ പാകിസ്താന്റെ ഉള്ളറകളിൽ ആണെങ്കിൽപോലും അവിടെ എത്തി ഞങ്ങളവരെ വകവരുത്തും.
രാഷ്ട്രനയത്തിന്റെ ഉപകരണമായി ഭീകരതയെ ഉപയോഗിക്കുന്നതിൽ മുഴുകിയിരിക്കുന്ന രാജ്യമാണ് പാകിസ്താൻ. അതാണ് മുഴുവൻ പ്രശ്നത്തിനും കാരണം -അദ്ദേഹം കൂട്ടിച്ചേർത്തു.