ന്യൂയോർക്ക് : അറസ്റ്റും നാടുകടത്തലും ഒഴിവാക്കുന്നതിന് അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിനിയായ ശ്രേയ ബേദിക്ക് ചെലവായത് 5000 ഡോളറിന്റെ ഗിഫ്റ്റ് കാർഡ്. ട്രംപ് ഭരണകൂടം രാജ്യാന്തര വിദ്യാർഥികൾക്കെതിരെ നടപടി കടുപ്പിക്കുന്ന സാഹചര്യത്തിൽ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സെമെന്റിൽ (ഐസിഇ) നിന്നാണെന്ന് അവകാശപ്പെട്ട് ശ്രേയക്ക് ഒരു ഫോൺ കോൾ ലഭിച്ചു.
2022ൽ അമേരിക്കയിലെത്തിയ ശ്രേയ എഫ് വൺ വീസയിൽ ഇൻഡ്യാന യൂണിവേഴ്സിറ്റി ബ്ലൂമിങ്ടണിൽ ഹ്യൂമൻ കംപ്യൂട്ടർ ഇന്ററാക്ഷനിൽ ബിരുദാനന്തര ബിരുദത്തിന് പഠനത്തിനാണ് ചേർന്നത്. ശ്രേയ കുടിയേറ്റ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മേയ് 29ന് ഫോൺ വന്നത്. അറസ്റ്റും നാടുകടത്തലും ഒഴിവാക്കുന്നതിനായി 5000 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് ബോണ്ടായി ഫോണിലൂടെ ഫോൺ വിളിച്ചവർ ആവശ്യപ്പെട്ടു.
ശ്രേയക്ക് തന്റെ ഇമിഗ്രേഷൻ നമ്പർ കൃത്യമായി അറിയിക്കാൻ കഴിഞ്ഞില്ല. ഇത് കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണെന്ന് അവർ അറിയിച്ചു. ഫോൺ വിളിച്ചയാൾ തന്റെ പേരും ബാഡ്ജ് നമ്പറും ശ്രേയയോട് പറഞ്ഞു. മേരിലാൻഡിലെ ഔദ്യോഗിക ഓഫിസുമായി ബന്ധപ്പെട്ടാൽ ഈ വിവരങ്ങൾ ലഭ്യമാണെന്നും അയാൾ അറിയിച്ചു.
തുടർന്ന് ഫോൺ വിളിച്ചയാൾ ശ്രേയയെ ഡിജിറ്റൽ തടവിലാക്കി. ആരോടും സംസാരിക്കരുതെന്നും ഫോൺ കട്ട് ചെയ്യരുതെന്നും നിർദ്ദേശം നൽകി. ഫോൺ നിരീക്ഷണത്തിലാണെന്നും അറിയിച്ചു. പിന്നീട് ഒളംപിയ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫിസറാണെന്ന് പറഞ്ഞുകൊണ്ട് രണ്ടാമത്തെയാൾ ശ്രേയയെ വിളിച്ചു. ശ്രേയയെ അറസ്റ്റ് ചെയ്യാൻ വാറന്റ് ഉണ്ടെന്നും ഐസിഇ കേസ് അന്വേഷിക്കുന്നുണ്ടെന്നും അറിയിക്കാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും അയാൾ ഭീഷണിപ്പെടുത്തി.
ഭയന്നുപോയ ശ്രേയ തട്ടിപ്പുകാർ പറഞ്ഞത് അനുസരിച്ചു. ടാർഗറ്റിൽ നിന്നും ആപ്പിളിൽ നിന്നും 5000 ഡോളറിന്റെ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ അവർ ശ്രേയയോട് ആവശ്യപ്പെട്ടു. അതിനുശേഷം ഫോണിലൂടെ കാർഡുകളുടെ കോഡുകൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. ഒരു പൊലീസ് ഓഫിസർ ഈ കാർഡുകളും ബോണ്ട് പേപ്പറുകളും വാങ്ങാൻ വരുമെന്ന് ശ്രേയയെ അറിയിച്ചു. എന്നാൽ ആരും വന്നില്ല.
വീട്ടിലേക്ക് പോകുന്ന വഴി താൻ തട്ടിപ്പിന് ഇരയായെന്ന് ശ്രേയക്ക് മനസ്സിലായി. ഉടൻതന്നെ ഒരു സുഹൃത്തുമായി ഈ വിവരം പങ്കുവെച്ചു. സമാനമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുഹൃത്ത് സ്ഥിരീകരിച്ചു.ഏജൻസിയിലെ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നത് നിയമവിരുദ്ധവുമാണെന്ന് ഐസിഇ അറിയിച്ചു.