ന്യൂഡൽഹി : കാനഡയിൽ ഈ മാസം നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഫോണിലൂടെ മോദിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മോദി പറഞ്ഞു. ക്ഷണം ലഭിക്കാനുള്ള കാലതാമസം മൂലം മോദി ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ടുകൾ.
കാനഡയിലെ ആൽബർട്ടയിൽ 15 മുതൽ 17 വരെയാണ് ഈ വർഷത്തെ ജി7 ഉച്ചകോടി. അംഗരാജ്യമല്ലെങ്കിലും കഴിഞ്ഞ 6 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയെ ഉച്ചകോടിക്കായി പ്രത്യേകം ക്ഷണിച്ചിരുന്നു. 2019 ൽ ഫ്രാൻസിൽ നടന്ന ഉച്ചകോടി മുതൽ അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു. കാനഡയിൽ ജസ്റ്റിൻ ട്രൂഡോ മാറി മാർക്ക് കാർണിയെത്തിയതോടെ ബന്ധം മെച്ചപ്പെടുമെന്നാണു സൂചന. മാർക്ക് കാർണിയെ കാണാനായി താൻ കാത്തിരിക്കുന്നുവെന്നും മോദി പറഞ്ഞു.
യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ എന്നിവയാണ് ജി7 രാജ്യങ്ങൾ. ഇക്കുറി പ്രത്യേകം ക്ഷണിച്ച ഏതൊക്കെ രാജ്യങ്ങൾ പങ്കെടുക്കുമെന്നു കാനഡ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, യുക്രെയ്ൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നാണു കനേഡിയൻ മാധ്യമങ്ങൾ നൽകുന്ന വിവരം.