തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണന്‍ ഇനി ഓര്‍മ്മ. തൈക്കാട് ശാന്തികവാടത്തിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. കെപിസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള, മന്ത്രിമാര്‍, മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് അയ്യപ്പസേവാ സംഘം ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന അനുസ്മരണ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.
സര്‍വ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നിരവധി പതിറ്റാണ്ടുകള്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായി ഉയര്‍ന്ന് നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വാര്‍ഡ് പ്രസിഡന്റ് മുതല്‍ കെപിസിസി പ്രസിഡന്റ് വരെയുള്ള ചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ്. സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നല്‍കപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാക്കിയത്’, മുഖ്യമന്ത്രി പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു തെന്നല ബാലകൃഷ്ണപ്പിളളയുടെ വിയോഗം.