വാഷിംഗ്ടണ്‍: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ഇല്ലാതാക്കണമെന്ന് പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് യുഎസ് പാര്‍ലമെന്റംഗം ആവശ്യപ്പെട്ടു. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള സംഘത്തോടായിരുന്നു ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ ബ്രാഡ് ഷെര്‍മാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ പാകിസ്ഥാന്‍ പ്രതിനിധി സംഘവുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് അദ്ദേഹം ഈ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചത്.
‘പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഒരു പ്രധാന വിഷയമാണെന്നും അവിടെ താമസിക്കുന്ന മറ്റ് ആളുകള്‍ക്ക് അക്രമത്തെ ഭയപ്പെടാതെ അവരുടെ വിശ്വാസം ആചരിക്കാനും ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കാനും അനുവദിക്കണം’ എന്നും ബ്രാഡ് ഷെര്‍മാന്‍ എക്സില്‍ കുറിച്ചു.
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എംപിമാര്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് അമേരിക്കയെ അറിയിച്ചിരുന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച അതേ സമയത്താണ് പാകിസ്ഥാന്‍ പ്രതിനിധി സംഘം ബ്രാഡ് ഷെര്‍മാനെ കണ്ടത് എന്നതും ശ്രദ്ധേയമാണ്.