ഐപിഎൽ കലാശപ്പോരിൽ ആര്‍സിബിയോട് തോറ്റ ശേഷം പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ പ്രതികരണമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. ദൗത്യം പൂർത്തിയായിട്ടില്ലെന്നും അടുത്ത തവണ കിരീടം നേടുമെന്നുമാണ് ശ്രേയസ് പറഞ്ഞത്. സത്യസന്ധമായി പറഞ്ഞാൽ, തോല്‍വിയില്‍ നിരാശയുണ്ട്. പക്ഷെ ഞങ്ങളുടെ ടീം ഇതുവരെയെത്തിയതിൽ സന്തോഷവുമുണ്ട്. കൂടെ നിന്ന ടീം മാനേജ്മെന്‍റിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഈ നേട്ടത്തില്‍ പങ്കാളികളായ ഓരോരുത്തർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ തോറ്റപ്പോൾ പോരാട്ടം തോറ്റിരിക്കാം, പക്ഷെ യുദ്ധം തോറ്റിട്ടില്ലെന്ന അയ്യരുടെ വാക്കുകൾ വൈറലായിരുന്നു. ശേഷം മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം ക്വാളിഫയറില്‍ മുന്നിൽ നിന്ന് നയിച്ച് താരം ഫൈനൽ ബെർത്ത് നേടികൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആ മികവ് താരത്തിന് ഫൈനലിൽ ആവർത്തിക്കാനായില്ല. ഫലമോ ആറ് റൺസിന് ആർസിബിക്ക് മുന്നിൽ കിരീടം അടിയറവ് പറയേണ്ടിയും വന്നു.
തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ശ്രേയസിന്റെ മടക്കം. കഴിഞ്ഞ സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കിരീടം നേടിയിരുന്ന താരം മുമ്പ് ഡൽഹി ക്യാപിറ്റൽസിനെയും ഫൈനലിലേക്ക് നയിച്ചിരുന്നു. 26.75 കോടി രൂപക്ക് കൊല്‍ക്കത്തയില്‍ നിന്ന് പഞ്ചാബിലെത്തിയ ശ്രേയസ് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തന്‍റെ താരമൂല്യത്തിനൊത്ത പ്രകടനാണ് പുറത്തെടുത്തത്.