Friday, July 4, 2025
HomeAmericaഇന്ത്യ- പാക് സംഘര്‍ഷം: യുദ്ധം നിർത്താൻ ഇടപെട്ടു എന്ന ട്രംപിന്റെ അവകാശവാദം തള്ളി ശശി...

ഇന്ത്യ- പാക് സംഘര്‍ഷം: യുദ്ധം നിർത്താൻ ഇടപെട്ടു എന്ന ട്രംപിന്റെ അവകാശവാദം തള്ളി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം താന്‍ ഇടപെട്ടാണ് നിര്‍ത്തിയതെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം തള്ളി ശശി തരൂര്‍ എംപി. ഇന്ത്യയെ വെടിനിര്‍ത്തലിനായി ആരും സമ്മതിപ്പിക്കേണ്ട ആവശ്യമില്ലെന്നും കാരണം ഇന്ത്യ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ശശി തരൂര്‍ ചൊവ്വാഴ്ച പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നാലു ദിവസത്തെ അതിര്‍ത്തി കടന്നുള്ള പോരാട്ടത്തിന് ശേഷം മെയ് 10 നാണ് ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ പ്രസിഡന്റ് ട്രംപ് പ്രധാന പങ്ക് വഹിച്ചു എന്ന അവകാശവാദം ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്. ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുള്‍പ്പെടെയുള്ള സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് തരൂര്‍ നയിക്കുന്ന സംഘമാണ്.

‘അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തോട് ഞങ്ങള്‍ക്ക് വളരെയധികം ബഹുമാനമുണ്ട്, ആ ബഹുമാനം മനസ്സില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ സംസാരിക്കും. എന്നാല്‍ വിശാലമായി പറഞ്ഞാല്‍, ഞങ്ങളുടെ ധാരണ അല്‍പ്പം വ്യത്യസ്തമാണ്.

മെയ് 7 ന് തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നത് സംഘര്‍ഷം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ആയിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിലെ ആദ്യ ആക്രമണമല്ല. ഇതെല്ലാം തീവ്രവാദികള്‍ക്കെതിരായ പ്രതികാരം മാത്രമാണ്. പാകിസ്ഥാന്‍ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതികരിക്കുമായിരുന്നില്ല, ”തരൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments