വാഷിങ്ടൻ : ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു മേൽ അധിക നികുതി ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ ചോദ്യം ചെയ്ത് യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി പറഞ്ഞു. യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ ട്രംപിന് അധികാരമില്ല. പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നു വിമർശിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ കുറിച്ചായിരുന്നു കേസ്. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞു. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു