Saturday, June 14, 2025
HomeIndiaപായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ നാവികസേന വനിതാ നാവികർ നാളെ തീരമണയുന്നു

പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ നാവികസേന വനിതാ നാവികർ നാളെ തീരമണയുന്നു

ന്യൂഡൽഹി: നാവിക സാഗർ പരികർമ-രണ്ടിന്‍റെ ഭാഗമായി പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ നാവികസേനയുടെ വനിതാ നാവികർ ചരിത്രയാത്ര പൂർത്തിയാക്കി നാളെ തീരമണയും. ഗോവയിലെ മോർമുഗാവോ തുറമുഖത്തിൽ എത്തുന്ന ഐ.എൻ.എസ്.വി തരിണിയെയും യാത്രികരായ മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയെയും തമിഴ്നാട്ടുകാരിയും ലഫ്റ്റനന്‍റ് കമാൻഡറുമായ രൂപ അഴഗിരിസാമിയെയും സ്വീകരിക്കുന്ന ഫ്ളാഗ് ഇൻ ചടങ്ങി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേതൃത്വം നൽകും. ഏഴു മാസം നീണ്ടുനിന്ന പായ്‌വഞ്ചിയിലെ യാത്രക്കാണ് പരിസമാപ്തിയാകുന്നത്.

2024 ഒക്ടോബർ രണ്ടിന് ഗോവയിലെ ഐ.എൻ.എസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ നിന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ഐ.എൻ.എസ്.വി തരിണിയിലുള്ള ‘നാവിക സാഗർ പരിക്രമ II’ പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങൾ കൊണ്ട് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുക എന്നതാണ് ചരിത്ര പര്യവേഷണം കൊണ്ട് നാവികസേന ലക്ഷ്യമിടുന്നത്.

മലയാളിയായ റിട്ട. കമാൻഡർ അഭിലാഷ് ടോമിയുടെ കീഴിലാണ് കെ. ദിൽനയും രൂപ അഴഗിരിസാമിയും കപ്പൽ പര്യവേഷണത്തിനുള്ള പരിശീലനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയത്. 2023 മേയിൽ ദിൽനയും രൂപയും ഉൾപ്പെടെ ആറു നാവികരുടെ സംഘം ഗോവയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും തിരികെയുള്ള ട്രാൻസ് അറ്റ്ലാന്‍റിക് പര്യടനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയിരുന്നു.

തുടർന്ന് അഭിലാഷ് ടോമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കപ്പൽ പര്യവേഷണത്തിന് ദിൽനയും രൂപയും ഉൾപ്പെടുന്ന രണ്ടംഗ സംഘത്തെ തെരഞ്ഞെടുത്തത്.

2012ൽ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ ‘സാഗർ പരിക്രമ’യുടെ ഭാഗമായാണ് മലയാളി നാവികനായ റിട്ട. കമാൻഡർ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് ‘മാദേയി’ എന്ന പായ് വഞ്ചിയിൽ ആദ്യമായി ലോക യാത്ര നടത്തിയത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.

2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചിയുടെ പായ്മരത്തിൽ നിന്ന് വീണ അഭിലാഷിന്‍റെ സ്പൈനൽകോഡിന് ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് 2022ൽ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി ചരിത്രം കുറിച്ചു

2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷ് ടോമി കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments