തിരുവനന്തപുരം: കേസൊതുക്കാൻ വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ഒന്നാം പ്രതി. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ സിങ്ങിനെയാണ് വിജിലൻസ് പ്രതിചേർത്തത്. കേസിൽ ഒന്നാം പ്രതി ശേഖർ കുമാർ സിങ്ങാണെന്ന് വിജിലൻസ് അറിയിച്ചു. കൂടുതൽ പേരിൽ നിന്ന് ഇവർ പണം തട്ടിയെന്ന് സംശയിക്കുന്നതായും വിജിലൻസ് വ്യക്തമാക്കി. നേരത്തെ കേസിൽ വിൽസൺ, മുരളി മുകേഷ് എന്നീ രണ്ട് പേർ അറസ്റ്റിലായിരുന്നു.
കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇ.ഡി ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് ഇപ്പോൾ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇ.ഡി ഡയറക്ടറേറ്റിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വർഷങ്ങൾക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നൽകാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും പറഞ്ഞു.