ന്യൂഡല്‍ഹി :കെപിസിസി പുനഃസംഘടനയിലെ കെ.സുധാകരൻ്റെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി.പ്രതികരണം പാർട്ടിയിൽ കെട്ടുറപ്പില്ലെന്ന പ്രതീതി ജനങ്ങളിൽ ഉണ്ടാക്കിയെന്ന് വിലയിരുത്തൽ. വിഷയത്തിൽ പരസ്യ പ്രതികരണത്തിലേക്ക് ഹൈക്കമാൻഡ് കടക്കില്ല. പുതിയ നേതൃത്വം പുനഃസംഘടനയുമായി പോകട്ടെയെന്നാണ് ഹൈക്കമാൻഡ് നിലപാട്. കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തി കെ.സുധാകരന്‍ തുറന്ന് പറഞ്ഞിരുന്നു.
അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ലെന്നും നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെക്കെയോ വക്രബുദ്ധിയെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
തന്നെ മാറ്റണമെന്ന് നിർബന്ധം പിടിച്ചത് ദീപ ദാസ് മുൻഷിയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അവർ റിപ്പോർട്ട് നൽകി.ദീപാ ദാസ് മുൻഷി ആരുടെയോ കയ്യിലെ കളിപ്പാവയെന്നും സുധാകരന്‍ വിമര്‍ശിച്ചു.സണ്ണി ജോസഫ് തന്‍റെ നോമിനി അല്ലെന്നും കെ.സുധാകരൻ പറഞ്ഞു. ‘സണ്ണിയെ കോൺഗ്രസിൽ ഉയർത്തിക്കൊണ്ടുവന്നത് താനാണ്. അദ്ദേഹവുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം പലരും ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. സണ്ണി വന്നതില്‍ മറ്റാരെങ്കിലും വന്നതിനേക്കാള്‍ സന്തോഷമുണ്ട്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്‍റാക്കിയത്. കെപിസിസി പ്രസിഡന്‍റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാൽ അത് ഉണ്ടായില്ല തനിക്ക് അങ്ങനെയൊരു ആവശ്യവുമില്ലെന്നും സുധാകരൻ പറഞ്ഞു.