തിരുവനന്തപുരം: ഡൽഹിയിൽ ഹൈക്കാ മാൻഡ് വിളിപ്പിച്ച യോഗത്തിൽ നിന്ന് കെ. സുധാകരൻ വിട്ടുനിന്നതിനു പിന്നിൽ സമ്മർദതന്ത്രമെന്ന് വിലയിരുത്തൽ. സുധാകരനൊപ്പമുള്ള ചിലരുടെ നീക്കങ്ങളാണ് യാത്ര ഒഴിവാക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുമായാണ് പുതിയ ഭാരവാഹികളെയും മുൻ ഭാരവാഹികളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
സ്ഥാനമൊഴിഞ്ഞെങ്കിലും പിണറായി സർക്കാറിനെതിരെയുള്ള പോരാട്ടത്തിൽ താൻ പടക്കുതിരയായി മുൻനിരയിലുണ്ടാകുമെന്ന് തിങ്കളാഴ്ച സുധാകരൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകീട്ട് വരെ ഡൽഹി യാത്ര ഉറപ്പിച്ചിരുന്ന സുധാകരൻ, അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്.താൻ യോഗത്തിൽ നിന്ന് വിട്ടുനിന്നാൽ തെറ്റായ വ്യാഖ്യാനങ്ങൾക്കിടയാക്കുമെന്നും പുനഃസംഘടനയിൽ അതൃപ്തി എന്ന നിലയിൽ ചർച്ചകളുണ്ടാകുമെന്നും കൃത്യമായി ധാരണയുള്ള നേതാവാണ് സുധാകരൻ. ഈ സാധ്യതയാണ് സുധാകരനെ കരുവാക്കി ഒപ്പമുള്ളവർ പ്രയോജനപ്പെടുത്തിയത്.
ഹൈകമാൻഡ് യോഗത്തിലെ അസാന്നിധ്യം സ്വാഭാവികമായും ഇനിയുള്ള ചർച്ചകളിൽ സുധാകരന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും വാക്കുകൾക്ക് വില കൽപിക്കുന്നതിനുമിടയാക്കും. കെ.പി.സി.സിയിലെ ശേഷിക്കുന്ന ചുമതലകളിലേക്കുള്ള പുനഃസംഘടനയിലും ഡി.സി.സി ഭാരവാഹിമാറ്റത്തിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലുമെല്ലാം പിടിവള്ളിയാക്കാമെന്നാണ് സുധാകരപക്ഷത്തിന്റെ വിലയിരുത്തൽ.
അതേസമയം ഡൽഹിയിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ സുധാകരൻ പറഞ്ഞിരുന്നെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിലപാടിലും സുധാകരന് അതൃപ്തിയുണ്ട്. സുധാകരന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അദ്ദേഹം ഓഫിസിലെത്തുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിൽ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതാണ് നേതൃമാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സുധാകരപക്ഷം കരുതുന്നത്. ഒപ്പം നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയ ദീപാദാസിന്റെ നിലപാടിലും സുധാകാരന് അതൃപ്തിയുണ്ടായിരുന്നു.