ദില്ലി : ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് തുടർച്ചയായി പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നിൽ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ വക്താവ് ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ആണവായുധ ബ്ലാക്മെയിൽ മറയാക്കാൻ അനുവദിക്കില്ലെന്നും രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല. പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുക മാത്രമാണ് ഏക കശ്‌മീർ വിഷയം. പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത് ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണ്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. പാകിസ്ഥാനുമായി വെടിനിർത്തലിന് ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ല. പാകിസ്ഥാനാണ് സംഘർഷം തീർക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത്.
ടിആർഎഫിനെ നിയന്ത്രിച്ചത് ലഷ്‌കർ-ഇ-തൊയ്ബയാണ്. രണ്ട് വർഷം മുൻപ് ടിആർഎഫിനെക്കുറിച്ച് ഇന്ത്യ യുഎന്നിന് മുൻപിൽ തെളിവ് വച്ചതാണ്. ലഭ്യമായ കൂടുതൽ തെളിവുകൾ യുഎന്നിന് കൈമാറും. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതും പാക് വ്യോമത്താവളങ്ങൾ ആക്രമിച്ച് തകർത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ്. ഇനിയും പാകിസ്ഥാനിൽ ഭീകരകേന്ദ്രങ്ങൾ പ്രവർത്തിച്ചാൽ അതിനെതിരെ തിരിച്ചടിക്കും. ഒമ്പതാം തീയതി വലിയ ആക്രമണമാണ് ഇന്ത്യക്ക് എതിരെ പാകിസ്ഥാൻ അഴിച്ചുവിട്ടത്. അതിനെ സുശക്തമായി നേരിട്ട് അവരുടെ വ്യോമപ്രതിരോധ സംവിധാനത്തിന് കനത്ത നാശം സംഭവിച്ചപ്പോൾ പാകിസ്ഥാൻ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.
10-ന് രാവിലെ പാക് വ്യോമത്താവളങ്ങൾ പലതും തകർന്നതിനാലാണ് പാകിസ്ഥാൻ ഇങ്ങോട്ട് ചർച്ചയ്ക്ക് സമീപിച്ചത്. ഇതിനെല്ലാം ഉപഗ്രഹചിത്രങ്ങൾ തെളിവായി ഉണ്ടെന്നും അതാർക്കും വാങ്ങി പരിശോധിക്കാമെന്നും ഇന്ത്യ. ഇതിനെല്ലാം ഉപഗ്രഹ ചിത്രങ്ങൾ തെളിവായി ഉണ്ട്. അത് ആർക്കും വാങ്ങി പരിശോധിക്കാം. വിജയിക്കുന്നത് ഞങ്ങളുടെ ശീലമാണ്. ഞങ്ങൾ എന്നും വിജയിച്ചിട്ടേയുള്ളൂ. തോറ്റാലും ജയിച്ചു എന്ന് പറയുന്നതാണ് പാകിസ്ഥാന്‍റെ ശീലമെന്നും രൺധീർ ജയ്സ്വാൾ ഇന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.