ന്യൂഡല്‍ഹി: മുപ്പതുദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിക്കണമെന്ന് റഷ്യയോട് യൂറോപ്യന്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു പിന്നാലെ യുക്രെയ്‌നെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മെയ് 15 ന് ‘നേരിട്ട് ചര്‍ച്ചകളില്‍’ പങ്കെടുക്കാനാണ് യുക്രെയ്‌ന് ക്ഷണമുള്ളത്.
‘ശാശ്വതവും ശക്തവുമായ സമാധാനത്തിലേക്ക്’ നീങ്ങുക എന്ന ലക്ഷ്യത്തോടെ റഷ്യ ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണെന്ന് ക്രെംലിനില്‍ നിന്നുള്ള അപൂര്‍വമായ ഒരു പ്രസംഗത്തിനിടെ പുടിന്‍ പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ നിരുപാധികമായ വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധരാകാന്‍ റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായുള്ള നീക്കങ്ങള്‍ ശനിയാഴ്ച യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം നടത്തിയിരുന്നു. പിന്നാലെയാണ് പുടിന്റെ മനംമാറ്റം.
ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മോസ്‌കോ ഇത് പരിഗണിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉപയോഗശൂന്യമാണെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ചര്‍ച്ചകളിലൂടെ റഷ്യയും യുക്രെയ്നും ‘ഒരു പുതിയ ഉടമ്പടി’ അംഗീകരിക്കുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്ന് പുടിനും അഭിപ്രായപ്പെട്ടു. എന്നാല്‍, 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങളെക്കുറിച്ച് പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.