Wednesday, May 28, 2025
HomeAmericaഇന്ത്യ-പാക് വെടിനിര്‍ത്തൽ: ജെഡി വാന്‍സ് അടക്കമുള്ള ഉന്നത യുഎസ് ഇടപെടലുണ്ടായിരുന്നു എന്ന് റിപ്പോർട്ട്‌ ; നിഷേധിച്ച്...

ഇന്ത്യ-പാക് വെടിനിര്‍ത്തൽ: ജെഡി വാന്‍സ് അടക്കമുള്ള ഉന്നത യുഎസ് ഇടപെടലുണ്ടായിരുന്നു എന്ന് റിപ്പോർട്ട്‌ ; നിഷേധിച്ച് ഇന്ത്യ

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അടക്കമുള്ള ഉന്നത യുഎസ് ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറിയും ഇടക്കാല ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരുള്‍പ്പെടെയുള്ള യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സുപ്രധാന സംഘം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെ യുഎസിന് ഭയാനകമായ ചില രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചു. സംഘര്‍ഷത്തില്‍ യുഎസ് ഇടപെടല്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഇതോടെ ഉദ്യോഗസ്ഥര്‍ക്കുറപ്പായി. കാര്യങ്ങള്‍ ട്രംപിനെ അറിയിച്ചു. തുടര്‍ന്ന് വാന്‍സ് തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു. സംഘര്‍ഷം വര്‍ദ്ധിക്കാന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വിശ്വസിക്കുന്നുവെന്ന് മോദിയോട് വ്യക്തമാക്കി.

പാകിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താനും സംഘര്‍ഷം ലഘൂകരിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കാനും വാന്‍സ് മോദിയെ പ്രോത്സാഹിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്. തങ്ങള്‍ക്കു ലഭിച്ച രഹസ്യാന്വേഷണ വിവരം എന്താണെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ യുഎസ് ഇടപെടലിനെക്കുറിച്ച് ഇന്നലെ ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് യുഎസിന്റെ ഭാഗത്തുനിന്നും പുറത്തുവരുന്നത്.ആഴ്ചകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഇന്നലെയാണ് വെടിനിര്‍ത്തലിന് സമ്മതിച്ചത്.

ഇതില്‍ യുഎസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. എന്നാല്‍ ഇന്നും ട്രംപ് യുഎസ് ഇടപെട്ടുവെന്ന് ആവര്‍ത്തിച്ചിരുന്നു. പിന്നാലെയാണ് ട്രംപ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇടപെടല്‍ എത്തരത്തിലായിരുന്നുവെന്നത് വ്യക്തമാക്കുന്നത്.

റൂബിയോ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ രാത്രി മുഴുവന്‍ (യുഎസ് സമയം) ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഉന്നതരുമായി സംസാരിച്ചുകൊണ്ടിരുന്നുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ റൂബിയോ ഇരു രാജ്യങ്ങളെയും വിളിച്ച് വെടിനിര്‍ത്തല്‍ എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് പൊതുവായ ഒരു ധാരണയുണ്ടാക്കിയിരുന്നുവെന്നും എന്നാല്‍ കരാര്‍ എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും വിട്ടിരുന്നുവെന്നും യുഎസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments