ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് വൈകുന്നേരം ആറു മണിക്കുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്.അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചു എന്നായിരുന്നു ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. എന്നാൽ, വെടിനിർത്തൽ അഭ്യർഥനയുമായി സമീപിച്ചത് പാകിസ്താനാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യയുടെ സമീപനം ‘കൃത്യവും ഉത്തരവാദിത്തമുള്ളതുമാണ്’ എന്ന് ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ജയ്ശങ്കറിനോട് ഫോണ്‍ സംഭാഷണം നടത്തവെയാണ് മാര്‍ക്കോ റൂബിയോയ്ക്ക് ഇത്തരമൊരു മറുപടി ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ക്കടുത്തുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.
‘ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഒരു സംഭാഷണം നടത്തി. ഇന്ത്യയുടെ സമീപനം എല്ലായ്‌പ്പോഴും അളക്കപ്പെട്ടതും ഉത്തരവാദിത്തമുള്ളതുമാണ്, അത് അങ്ങനെ തന്നെ തുടരുന്നു,’ ജയ്ശങ്കര്‍ ഇന്ന് രാവിലെ സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നതനായ റൂബിയോ നേരത്തെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനോട് സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുപക്ഷവും ചര്‍ച്ചകള്‍ ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റൂബിയോ യുഎസ് സഹായം വാഗ്ദാനം ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ഇന്ന് രാവിലെ പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് റൂബിയോ ജയ്ശങ്കറുമായി സംസാരിക്കുന്നത്. ആദ്യ ഫോണ്‍ സംഭാഷണത്തിലും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു അദ്ദേഹം ഉന്നയിച്ചത്.