തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് നിയോഗിച്ച് സർക്കാർ. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്സൈസ് കമ്മിഷണറായാണ് സ്ഥാനക്കയറ്റം നൽകിയത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായും നിയോഗിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലൻസ് ഡയറക്ടറാകും. ജയിൽ ഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്സൈസ് കമ്മിഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു.
അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങി ഒട്ടേറെ വിവാദങ്ങളിൽ ഇടംപിടിച്ച് നടപടി നേരിട്ട എം.ആർ.അജിത് കുമാർ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിന് സർവീസ് ഉള്ളത്. ഡിജിപി എസ്.ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കുമ്പോൾ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയാകാനുള്ളവരുടെ സാധ്യതപ്പട്ടികയിലും അജിത് കുമാറിന്റെ പേരുണ്ട്.