തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അംഗീകരിച്ചത് കേന്ദ്രമാണ്. തന്നെ ക്ഷണിച്ചിട്ടില്ല, എന്നാലും താൻ പങ്കെടുക്കും. പദ്ധതിയിൽ കേന്ദ്രത്തിന് അവകാശപ്പെടാൻ ഒന്നുമില്ല. വേടനെതിരായ പുലിനഖം കേസ് ഇത്തരത്തിൽ പെരുപ്പിച്ചത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ഒരിഞ്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് കോൺഗ്രസും ബിജെപിയുമാണ്. ദൃശ്യങ്ങളെല്ലാം മാധ്യമപ്രവർത്തകരുടെ കൈയ്യിലുണ്ട്. വിഴിഞ്ഞത്ത് അവർ കലാപമുണ്ടാക്കാൻ ശ്രമം നടത്തി, പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. നട്ടെല്ലുണ്ടെങ്കിൽ മാധ്യമങ്ങൾ ആ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കണം. അന്ന് നിർത്തിയിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകില്ലായിരുന്നു. ഉമ്മൻ ചാണ്ടിയുടെയും സതീശൻ്റെയും ശീട്ടിൻ്റെ പുറത്ത് നടന്നതല്ല ഇത്. ഒരു വികസനവും നടത്തില്ലെന്ന് നിലപാടെടുത്തത് യുഡിഎഫ്. കേരളത്തിലെ പ്രതിപക്ഷം ലോകത്തെവിടെയുമില്ലാത്തതാണ്. ഒരു വികസനവും നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രതിപക്ഷം ലോകത്ത് എവിടെയാണ് ഉള്ളത്?
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അംഗീകരിച്ചത് കേന്ദ്രസർക്കാരാണ്. രാജീവ് ചന്ദ്രശേഖറുണ്ടല്ലോ, എന്നിട്ടും സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മിൻ്റെ നേതാവായ താനില്ലല്ലോ. എംഎൽഎ കൂടിയാണ് താൻ. കേന്ദ്രസർക്കാർ വിഴിഞ്ഞത്ത് എന്തെങ്കിലും ചെയ്തോ? വയബിലിറ്റി ഗ്യാപ് ഫണ്ട് കൊടുത്തില്ല. അത് കടമായി തരണമെന്നും ലാഭവിഹിതവും തരണമെന്ന് പറയുന്ന കേന്ദ്രം അത് തങ്ങളുടെ പരിപാടിയെന്ന് പറയുന്നു. ഇതൊക്കെ ജനത്തിന് മനസിലാവും. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആലോചിച്ച പദ്ധതിയാണിത്. അന്ന് സർക്കാർ ഉടമസ്ഥതയിൽ തുടങ്ങാനായിരുന്നു ആലോചിച്ചത്. യുഡിഎഫ് സർക്കാർ അത് അദാനിക്ക് കൊടുക്കാൻ തീരുമാനിച്ചു. അധികാരത്തിലെത്തിയ ഇടതുപക്ഷം പദ്ധതിയുമായി മുന്നോട്ട് പോയി. നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോയത് കൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്. ഒരു ദിവസം പോലും പദ്ധതി വൈകിപ്പിച്ചില്ല.
വിഡി സതീശൻ പങ്കെടുക്കില്ലെങ്കിൽ വേണ്ട. താൻ പങ്കെടുക്കും. തന്നെ ക്ഷണിച്ചിട്ടില്ല. കിട്ടുന്ന സീറ്റിൽ താൻ ഇരിക്കും. ലോകത്തെ പ്രധാന തുറമുഖമായി വിഴിഞ്ഞം മാറും. ഇടതുപക്ഷത്തിൻ്റെ ഉറച്ച നിലപാടില്ലെങ്കിൽ വിഴിഞ്ഞമില്ല. വേടനെതിരെ എന്തിനാണ് കേസെടുത്തതെന്ന് പരിശോധിക്കപ്പെടണം. കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ച സമൂഹത്തിൻ്റെ പിന്നണിയിൽ നിന്ന് വരുന്ന പ്രതിനിധിയാണ് വേടൻ. കേരളത്തിലെ യുവ സമൂഹത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയം പറയുന്ന യുവ കലാകാരനാണ്. ലഹരി ഉപയോഗിച്ചതിൽ തനിക്ക് തെറ്റുപറ്റിയെന്ന് വേടൻ തന്നെ പറയുന്നു. വളരെ ചെറിയ അളവായിരുന്നു ലഹരി കണ്ടെത്തിയത്. കഞ്ചാവുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് മാല കണ്ടത്. അത് സമ്മാനം കിട്ടിയതാണെന്ന് പറഞ്ഞ് അതിനപ്പുറത്തേക്ക് കടന്ന് നടത്തിയ നടപടികൾ പരിശോധിക്കപ്പെടണം. പുലിയുടെ പല്ലുമായി ബന്ധപ്പെട്ട വലിയ കേസ് ആവശ്യമുണ്ടോയെന്ന് ആലോചിക്കണം. വനം മന്ത്രി വേടനൊപ്പമാണ്. ആ ചെറുപ്പക്കാരനോട് എടുത്ത നിലപാട് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.