തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ(73) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയുംചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ ശ്രദ്ധേയനായി. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ.
ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി.