Tuesday, May 6, 2025
HomeAmericaവാൻകൂവറിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി മരണം

വാൻകൂവറിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി മരണം

ഒട്ടാവ: കനേഡിയൻ നഗരമായ വാൻകൂവറിൽ ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ലാപു ലാപു ദിനം ആഘോഷിക്കുന്നതിന് ഒത്തുകൂടിയവർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണമാണോ അപകടമാണോ സംഭവിച്ചത് എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.

പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം. കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തുവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം. ഡ്രൈവർ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാൻകൂവർ പോലീസ് പറഞ്ഞു.

ഒരു കറുത്ത എസ്യുവി അതിവേഗത്തിൽ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവർക്കും ഫിലിപ്പിനോ കനേഡിയൻ സമൂഹത്തിനും വാൻകൂവറിലെ എല്ലാവർക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എക്സിൽ കുറിച്ചു. വാൻകൂവർ മേയർ കെൻ സിമ്മും അതിയായ ദുഃഖം പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments