തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്ന് ഗവർണർമാർ. കേരളം, പശ്ചിമ ബംഗാൾ, ഗോവ എന്നീ സംസ്ഥാങ്ങളിലെ ഗവർണർമാരെയാണ് ഇന്ന് ക്ലിഫ് ഹൗസിൽ നടത്തുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവരെ മുഖ്യമന്ത്രി തന്നെ നേരിട്ടാണ് ക്ഷണിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ വിരുന്നിൽ പങ്കെടുക്കുന്നത് വിവാദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗവർണർമാർ പിന്മാറിയതെന്നാണ് സൂചന
നേരത്തെ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി ബ്രേക്ക് ഫാസ്റ്റ് ഒരുക്കിയിരുന്നു. ഈ വിരുന്നിൽ ഗവർണറും പങ്കെടുത്തിരുന്നു. ഇത് മാസപ്പടി കേസ് ഒതതുതീർക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് മൂന്ന് ഗവർണമാർമാരും വിരുന്നിൽനിന്ന് പിന്മാറാൻ ഒരുമിച്ച് തീരുമാനിച്ചത്. ഒരാഴ്ച മുമ്പാണ് ക്ഷണം നിരസിച്ചതായി അറിയിച്ചത്. പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം മുഖ്യമന്ത്രിയെ അറിയിച്ചത് കേരള ഗവർണറായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ആനന്ദബോസ് ചികിത്സയിലാണ്. ആദ്യം അത്താഴത്തിന് വരാൻ ഗവർണർമാർ ഒരുക്കമായിരുന്നുവെന്നാണ് വിവരം.
അതിനിടെ, മൂന്ന് മാസത്തിനിടെ രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരി 22നും ഏപ്രിൽ 16നുമായിരുന്നു ഈ കൂടിക്കാഴ്ച. ജനുവരിയിൽ 25 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് നടന്നത്. അന്ന് രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു. രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഇവിടെ വന്ന് എന്നും പ്രഭാത സവാരി നടത്താൻ താനും ഒപ്പം കൂടാമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഏപ്രിൽ 16ന് ബുധനാഴ്ച രാത്രി 15 മിനിറ്റാണ് കൂടിക്കാഴ്ച നടത്തിയത്. അന്ന് മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവർണർ ഗോവ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടേത് സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കൂടിക്കാഴ്ചക്കുശേഷം രാജ്ഭവൻ വിശദീകരിച്ചു.