വാഷിങ്ടൻ : പാനമ–സൂയസ് കനാലുകളിലൂടെ യുഎസിന്റെ സൈനിക, വാണിജ്യ കപ്പലുകൾ സൗജന്യമായി കടത്തിവിടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഇല്ലെങ്കിൽ ഇരു കനാലുകളും നിലനിൽക്കില്ലെന്നും ഇതു സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ സെക്രട്ടറി മാർകോ റൂബിയോയെ ഏൽപ്പിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
സെലെൻസ്കിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ പുട്ടിനെ വിമർശിച്ച് ട്രംപ്
1914ൽ യുഎസ് നിർമിച്ച്, 1999ൽ പാനമയ്ക്ക് കൈമാറിയതാണ് പാനമ കനാൽ. എന്നാൽ, അവര്‍ കരാർ ലംഘിച്ചു. ചൈനയാണ് പാനമ കനാൽ ഇപ്പോൾ നോക്കിനടത്തുന്നത്. അതിനാൽ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നു. കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സാമ്പത്തികമോ സൈനികമോ ആയ ശക്തി ഉപയോഗിക്കുന്നതിനെ തള്ളിക്കളയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഇടയിലുള്ള ഇടുങ്ങിയ ഭാഗത്തിലൂടെയാണ് പാനമ കനാൽ കടന്നുപോകുന്നത്. യുഎസ് കണ്ടെയ്നർ ഗതാഗതത്തിന്റെ ഏകദേശം നാൽപതു ശതമാനവും ഇതിലൂടെയാണ് കടന്നുപോകുന്നത്.