Saturday, May 10, 2025
HomeAmericaസമാധാന ചർച്ചകളുടെ വേദിയായി മാർപാപ്പയുടെ സംസ്കാര ചടങ്ങും: ചടങ്ങിനിടെ ട്രംപ് - സെലൻസ്കി കൂടിക്കാഴ്ച്ച

സമാധാന ചർച്ചകളുടെ വേദിയായി മാർപാപ്പയുടെ സംസ്കാര ചടങ്ങും: ചടങ്ങിനിടെ ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച്ച

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങും സമാധാന ചർച്ചകളുടെ വേദിയായി. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും തമ്മിൽ ചർച്ച നടത്തുന്നത് ഇതാദ്യമായാണ്. അന്ന് തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്.

മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ്‌ ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും വീണ്ടും ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വിടനല്‍കാന്‍ പ്രാർത്ഥനയോടെ ലോകം വത്തിക്കാനിലെത്തി. സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പുരോഗമിക്കുകയാണ്. സംസ്‌കാരച്ചടങ്ങുകള്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് നടക്കുന്നത്. പൊതുദര്‍ശനം പ്രാദേശിക സമയം എട്ട് മണിയോടെ അവസാനിച്ചിരുന്നു. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് എത്തിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. അന്തിമോപചാരമര്‍പ്പിക്കാന്‍ ട്രംപും സെലന്‍സ്‌കിയും ഇന്ത്യന്‍ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്.അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments