വാഷിംഗ്ടണ്‍: യുഎസ് കാലാവസ്ഥാ നയതന്ത്രം നടത്തുന്ന ഓഫീസ് നിര്‍ത്തലാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികം ഉള്ള രാജ്യമായ അമേരിക്ക നവംബറില്‍ ബ്രസീലില്‍ നടക്കുന്ന COP30 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സാരം. യുഎന്‍ കാലാവസ്ഥാ നയതന്ത്രത്തില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന ഗ്ലാബല്‍ ചേഞ്ച് (Office of Global Change) ഓഫീസ് അടച്ചുപൂട്ടുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
‘നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാത്ത അന്താരാഷ്ട്ര കരാറുകളിലും സംരംഭങ്ങളിലും ഞങ്ങള്‍ പങ്കെടുക്കില്ല,’ എന്നുകൂടി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി.കാലാവസ്ഥാ വ്യതിയാനത്തെ പരിമിതപ്പെടുത്തുന്നതിനോ തടയുന്നതിനോ ഉദ്ദേശിച്ചുള്ള യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനിലും (UNFCCC) മറ്റ് കരാറുകളിലും പങ്കെടുക്കുന്നതിലൂടെ അമേരിക്കയെ നിയന്ത്രിക്കാനുള്ള മുന്‍ ഭരണകൂടങ്ങളുടെ ശ്രമങ്ങളെ പിന്തുണച്ച ഈ ഓഫീസ് അനാവശ്യമാണ് എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അടച്ചുപൂട്ടലിനെ ന്യായീകരിച്ചു.
ട്രംപ് ജനുവരി 20 ന് അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ പാരീസ് കാലാവസ്ഥാ കരാറില്‍ നിന്ന് അമേരിക്കയെ രണ്ടാം തവണയും പിന്‍വലിക്കാന്‍ തീരുമാനിച്ചതും ശ്രദ്ധേയമാണ്.