റിയാദ്: സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക. ബൈഡൻ ഭരണകാലത്ത് നടക്കാതിരുന്ന ആയുധ ഇടപാടാണ് സൗദിയോട് എറ്റവുമടുത്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകാൻ പോകുന്നത്. അടുത്ത മാസം സൗദിയിലേക്ക് ട്രംപിനൊപ്പം ആയുധ കമ്പനികളുടെ മേധാവിമാരുമുണ്ടാകും. പകരം സൗദി അറേബ്യ എന്താണ് യുഎസിന് നൽകുകയെന്നത് സർപ്രൈസാണ്.
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ സന്നദ്ധമാണെങ്കിൽ സുരക്ഷാ ആയുധ പാക്കേജ് ബൈഡൻ ഭരണകൂടം സൗദിക്ക് പ്രഖ്യാപിക്കാൻ ഒരുങ്ങിയിരുന്നു. ഇതിനിടയിലാണ് ഗസ്സ യുദ്ധത്തിന് തുടക്കമായത്. ചൈനയിൽ നിന്നുള്ള ആയുധ കരാർ ഉപേക്ഷിക്കണമെന്നതും അന്ന് ബൈഡന്റെ ആവശ്യമായിരുന്നു. അന്ന് യുഎസ് കോൺഗ്രസ് സമ്മതിക്കാതിരുന്നതോടെ നീക്കം മുടങ്ങി. ഇതാണിപ്പോൾ ട്രംപിന് കീഴിൽ നടക്കാൻ പോകുന്നത്. റോയിട്ടേഴ്‌സ് ഇത് സംബന്ധിച്ച വിവരങ്ങൾ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ടു.
സി-130 സൈനിക വിമാനങ്ങൾ, മിസൈലുകൾ, റഡാറുകൾ, ഡ്രോൺ, പ്രതിരോധ രംഗത്തെ സഹകരണം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. എഫ്-35 യുദ്ധ വിമാനത്തിനും സൗദിക്ക് താൽപര്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കരാറിന് സാധ്യത ഉറപ്പില്ല. യുഎസിലെ മുൻനിര കമ്പനി മേധാവിമാർ ഇതിനായി യുഎസ് പ്രസിഡൻ്റിനൊപ്പം മെയ് 13ന് സൗദിയിലെത്തും. പകരം നേരത്തെ ബൈഡന് കൊടുത്ത അതേ ഉറപ്പ് ട്രംപിനും നൽകിയോ എന്നതിൽ വ്യക്തതയില്ല. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനാവുന്ന അവസ്ഥയില്ല നിലവിൽ സൗദി.
ട്രംപ് അധികാരത്തിൽ വന്നപ്പോൾ 600 ട്രില്യൺ ഡോളർ നിക്ഷേപം സൗദി യുഎസിന് ഓഫർ ചെയ്തിട്ടുണ്ട്. ഇസ്രായേലുമായി ബന്ധത്തിന് ഫലസ്തീൻ രാഷ്ട്രമെന്ന വാദത്തിലാണ് നിലവിൽ സൗദി. ഇതിനാൽ യുഎസിന്റെ ആയുധക്കരാറിന് പകരമായി എന്തെല്ലാം സൗദി ഓഫർ ചെയ്യുമെന്നത് സർപ്രൈസായി തുടരും.