മലപ്പുറം: ‘ഏപ്രിൽ 25’ -കളിമൈതാനങ്ങളില്‍ കാലം മായ്ക്കാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ച ഐ.എം. വിജയന് ഇതൊരു ജന്മദിനം മാത്രമല്ല. കാല്പന്തില് വിജയചരിത്രമെഴുതിയ ജീവിതരേഖയിൽ കേരള പൊലീസുമായുള്ള ആത്മബന്ധത്തിന്റെ തുടക്കവും അതേ ദിവസത്തിലായിരുന്നു.
കാലങ്ങൾക്കിപ്പുറം വിജയൻ കാക്കിക്കുപ്പായമഴിക്കുന്നതും അതേ ദിനത്തിലായി. യാദൃച്ഛികമെങ്കിലും ഈ ദിനത്തിൽ പൊലീസ് സേന നൽകിയ ഔദ്യോഗിക യാത്രയയപ്പ്, 56ാം പിറന്നാൾ ആഘോഷിക്കുന്ന ഐ.എം. വിജയന് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങൾ. എം.എസ്.പി അസി. കമാൻഡൻറായാണ് ഇന്ത്യൻ ഫുട്ബാൾ ടീം മുൻ നായകൻ സർവിസിൽനിന്ന് മടങ്ങുന്നത്.
വെള്ളിയാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ക്യാമ്പിൽ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ കേരള പൊലീസ് ഫുട്ബാൾ ടീമിലെ സുവർണനിരയിലെ അവസാന കണ്ണിയാണ് വിരമിച്ചത്. ഏപ്രിൽ 30നാണ് ഐ.എം. വിജയന്റെ സർവിസ് കാലാവധി പൂർത്തിയാവുക.