ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാനടപടികള്‍ക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം. പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. എല്ലാവരും അക്രമത്തെ അപലപിക്കുന്നെന്നും സര്‍ക്കാരിന്റെ നടപടികള്‍ക്കും ശ്രമങ്ങള്‍ക്കും എല്ലാപിന്തുണയും നല്‍കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പഹല്‍ഗാമില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ പരോക്ഷമായി സമ്മതിച്ചതായും പ്രതിപക്ഷം അറിയിച്ചു. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെയുള്ള സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യയുമായുള്ള 1972-ലെ ഷിംല കരാര്‍ മരവിപ്പിച്ച് പാകിസ്താന്‍. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിസാധ്യത മുന്‍നിര്‍ത്തി വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതി യോഗത്തിന്റേതാണ് സുപ്രധാനതീരുമാനം. 2019-ല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധസമാനസാഹചര്യമുണ്ടായപ്പോഴും പാകിസ്താന്‍ വ്യോമമേഖല അടച്ചിരുന്നു.
പാകിസ്താന്റെ കാര്‍ഷികമേഖലയെ സാരമായി ബാധിക്കുന്ന സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ജലയുദ്ധമാണെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. പാകിസ്താന്റെ പരമാധികാരം ലംഘിക്കുന്ന, ജനതയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കമുണ്ടായാലും ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരര്‍ക്ക് വിസ നല്‍കുന്നത് മരവിപ്പിച്ച പാകിസ്താന്‍, ഇന്ത്യക്കാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യംവിടാന്‍ നിര്‍ദേശിച്ചു. സിഖ് തീര്‍ഥാടകര്‍ ഒഴികെയുള്ളവരുടെ സാര്‍ക് പ്രകാരമുള്ള എല്ലാ വിസകളും റദ്ദാക്കി.
വാഗാ അതിര്‍ത്തി അടയ്ക്കാനും യോഗത്തില്‍ തീരുമാനമായി. മറ്റുരാജ്യങ്ങള്‍ മുഖേനയുള്ളതുള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാരബന്ധവും നിര്‍ത്തി. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആക്കി വെട്ടിച്ചുരുക്കി. 30-നുമുന്‍പായി ബാക്കിയെല്ലാവരും മടങ്ങണം. ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ പ്രതിരോധ അറ്റാഷെമാരെ പുറത്താക്കി. ഇവരെ ബുധനാഴ്ച ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.
1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം 1972 ജൂലായ് രണ്ടിനാണ് ഹിമാചല്‍പ്രദേശിലെ ഷിംലയില്‍വെച്ച് ഇരുരാജ്യങ്ങളും സമാധാനക്കരാര്‍ ഒപ്പുവെച്ചത്. ഈ കരാര്‍ പ്രകാരമാണ് അതിര്‍ത്തിയില്‍ ഇരുകൂട്ടരും അംഗീകരിച്ച് നിയന്ത്രണരേഖ നിലവില്‍വന്നത്. ഈ രേഖ മാറ്റാനോ ലംഘിക്കാനോ രാജ്യങ്ങള്‍ ശ്രമിക്കില്ലെന്ന് കരാറില്‍ പറഞ്ഞിരുന്നു. പിന്നീട് കാര്‍ഗിലിലടക്കം പാകിസ്താന്‍ കരാര്‍ ലംഘനം നടത്തി.
ഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ ആയുധ പരീക്ഷണം നടത്തി ശക്തിപ്രകടനവുമായി ഇന്ത്യ. തീരമേഖലകളിലും സുരക്ഷ ശക്തിപ്പെടുത്തി.ശക്തി പ്രകടനവുമായി വ്യോമസേനയും രംഗത്തെത്തി. റഫാൽ അടക്കമുള്ള യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം ‘ആക്രമൺ’ ആണ് നടത്തിയത്.പാകിസ്താനുമേൽ കടുത്ത ഉപരോധനടപടികൾക്ക് മന്ത്രിസഭാസുരക്ഷാസമിതി തീരുമാനിച്ചതിനു പിന്നാലെയാണ് സൈനികപ്രതിരോധ നടപടികൾ ഇന്ത്യ ശക്തമാക്കിയത്. ഇന്ത്യക്ക് മറുപടിയായി പാകിസ്താനും നടപടികൾ പ്രഖ്യാപിച്ചതോടെ, ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാനാണ് ഇന്ത്യൻ സേനകൾക്കുള്ള നിർദേശം.
നാവികസേനയുടെ ഏറ്റവും പുതിയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്തിലായിരുന്നു പരീക്ഷണം. മധ്യദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനം(എംആർ-സാം) ഉപയോഗിച്ച് ‘സീ സ്‌കിമിങ്’ മിസൈലുകളെ തകർക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. 70 കിലോമീറ്റർ പരിധിയിലാണ് മീഡിയം റേഞ്ച് മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയത്.കര-നാവിക-വ്യോമ സേനകളുടെ ഭാഗത്തുനിന്ന് എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിയതായി വിദേശകാര്യ സെക്രട്ടറി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.