ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈകമീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനൊരുങ്ങി ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. അതിനിടെ, നയതന്ത്ര ബന്ധം വിച്ഛേദിക്കാനിടയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. സിന്ധു നദീതട കരാർ റദ്ദാക്കിയേക്കും. ഇസ്‍ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപുട്ടും.
കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ദില്ലിയിൽ ചേരും. യോഗത്തിനു ശേഷമാണ് നയതന്ത്ര ബന്ധത്തിൽ അടക്കമുള്ള നിർണായക തീരുമാനം ഇന്ത്യ സ്വീകരിക്കുക.സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കും.അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്.
പാകിസ്താൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തുവന്നത്. ബൈസരൺ വാലിയിൽ നടന്നത് ലഷ്കർ-ഐ.എസ്.ഐ ആസൂത്രിത ആക്രമണമാണെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കറെ ത്വയ്യിബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാണ് സൂചന.പഹൽഗാമിലെ ബൈസരൺ വാലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 29 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു