ബെയ്ജിങ്: ചൈനയുമായുളള വ്യാപാരം പരിമിതപ്പെടുത്തണമെന്ന് അമേരിക്ക ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടെ, മറുപടിയുമായി ചൈന രംഗത്ത്. അമേരിക്കയുടെ ഭീഷണിയ്ക്ക് വഴങ്ങി തങ്ങളുമായി വ്യാപാരം പരിമിതപ്പെടുത്തിയാൽ അതേ നാണയത്തിൽ തിരിച്ചടി ലഭിക്കുമെന്നും അത്തരം നീക്കങ്ങളെ തങ്ങൾ അതിശക്തമായി നേരിടുമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
ചൈനയുടെ വ്യാപാര മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക അനാവശ്യമായ താരിഫുകൾ ഏർപ്പെടുത്തി മറ്റ് രാജ്യങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും അത്തരത്തിൽ വഴങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു. ചൈനയുടെ എല്ലാ താത്പര്യങ്ങളും അവകാശങ്ങളും അതേപടി നിലനിൽക്കുമെന്നും, അവയെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്നും വ്യാപാര മന്ത്രാലയം അറിയിച്ചു.