ദില്ലി: താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്ന് ദിവസത്തേക്കാണ് വാൻസ് ഇന്ത്യയിലെത്തുന്നത്. ഈ ഇന്ത്യൻ സന്ദർശനത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രം സാംസ്കാരിക പരിപാടികളും ജയ്പൂരിലെയും ആഗ്രയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളുമായിരിക്കും.
വാൻസിന്‍റെ മൂന്ന് കുട്ടികളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് അവരുടെ അമ്മ ഉഷയുടെ വേരുകളുള്ള രാജ്യം പരിചയപ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.നിലവിൽ, വാൻസിന്‍റെ ഷെഡ്യൂളിലെ സുപ്രധാനമായ ഔദ്യോഗിക പരിപാടി മോദിയുമായുള്ള കൂടിക്കാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന അത്താഴവിരുന്നും മാത്രമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള നിരവധി കാബിനറ്റ് മന്ത്രിമാരും ഭാരതീയ ജനതാ പാർട്ടിയിലെ (ബിജെപി) ഉന്നത നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നാണ് വിവരം.