വാഷിങ്ടണ്‍: യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്കൊരുങ്ങി യു.എസ്. ഇതിനായി 2014ല്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമീപനത്തില്‍ മാറ്റം വരുന്നത് റഷ്യയ്ക്കാണ് ആത്യന്തിക നേട്ടമുണ്ടാക്കുന്നത്.
ക്രിമിയയെ പിടിച്ചെടുത്ത നീക്കത്തെ ഇതുവരെ യു.എസും യൂറോപ്പും അംഗീകരിച്ചിരുന്നില്ല.റഷ്യയും യുക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യയും യു.എസും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. സമാധാന കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ സംഘവും യുക്രൈന്‍ സംഘവും ചര്‍ച്ചകള്‍ നടത്തി.
റഷ്യയോ, യുക്രൈനോ യുദ്ധം അവസാനിപ്പിക്കുന്ന നീക്കങ്ങള്‍ ശ്രമകരമാക്കിയാല്‍ യു.എസ് ഇതിനുള്ള ശ്രമങ്ങള്‍ വേണ്ടെന്ന് വെക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്നദിവസം സമാധാനക്കരാര്‍ നടപ്പിലാകുമെന്ന് പറയാനാകില്ല, എന്നാല്‍ അത് വളരെ പെട്ടെന്ന് നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ചകള്‍ക്കിടെയാണ് ക്രിമിയയുടെ കാര്യത്തില്‍ റഷ്യ നിബന്ധന മുന്നോട്ടുവെച്ചതെന്നാണ് സൂചന. അതേസമയം വെടിനിര്‍ത്തല്‍ അല്ലാതെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പിന്മാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ഇങ്ങനെയല്ലാതെയൊരു വെടിനിര്‍ത്തല്‍ കരാര്‍ യുക്രൈന്‍ അംഗീകരിക്കുമോയെന്നും സംശയമാണ്.മാത്രമല്ല ക്രിമിയയുടെ കാര്യത്തില്‍ യു.എസ് വിട്ടുവീഴ്ച ചെയ്താല്‍ നിലവില്‍ റഷ്യ യുക്രൈനില്‍ നിന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത ഖെഴ്‌സണ്‍, മരിയുപോള്‍, ഡൊണോട്‌സ്‌ക്, ലുഹാന്‍സ്‌ക് തുടങ്ങിയ പ്രവിശ്യകളുടെ കാര്യത്തിലും യുക്രൈന് നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക.
ഖെഴ്‌സണ്‍ വരെ റഷ്യയ്ക്ക് ലഭിച്ചാല്‍ ക്രിമിയ ഫലത്തില്‍ റഷ്യയുമായി കരബന്ധത്തിലാകും. മാത്രമല്ല കരിങ്കടലലില്‍ യുക്രൈന്‍ സ്വാധീനം ശോഷിക്കുന്നതിനും ഇടയാക്കും. വെടിനിര്‍ത്തലിന്റെ ഭാഗമായി സുമി, ഖാര്‍കീവ് എന്നിവിടങ്ങളില്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ റഷ്യ വിട്ടുകൊടുത്തേക്കും. എന്നാല്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ അക്കാര്യത്തില്‍ കൂടെയുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.