കൊച്ചി: ലഹരി ഉപയോഗിച്ചതിന് ഗൂഢാലോചന നടത്തിയതിനും നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് കൊച്ചി നോർത്ത് പൊലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 27, 29 വകുപ്പുകൾ പ്രകാരമാണ് ഷൈനെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഷൈനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം സ്റ്റേഷൻ ജാമ്യം നൽകും.
ചോദ്യം ചെയ്യലിനിടെ ഷൈനിന്റെ മൊഴികളിൽ പൊലീസ് വൈരുധ്യം കണ്ടെത്തിയിരുന്നു. ഷൈനിന്റെ ഫോൺകോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. ലഹരി റാക്കറ്റുമായുള്ള ബന്ധം സംശയിച്ച് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറിലേറെ നീണ്ടു. ചോദ്യം ചെയ്യലിനായി 32 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി പൊലീസ് തയാറാക്കിയിരുന്നു. തുടർച്ചയായ ചോദ്യങ്ങളിൽ ഉത്തരം നൽകാൻ കഴിയാതെ ഷൈൻ പതറി. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
തന്നെ ആരോ ആക്രമിക്കാൻ വരികയാണെന്ന് കരുതിയാണ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാംനിലയിൽ നിന്ന് ഓടിയതെന്നും പൊലീസാണെന്ന് അറിഞ്ഞില്ലെന്നുമാണ് ഷൈൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടൻ വ്യക്തമാക്കി.മൂന്നു ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് നടൻ പൊലീസിനോട് പറഞ്ഞത്. അതിൽ ഒരു ഫോൺ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ നടൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെയാണ് ഷൈൻ ടോം ചാക്കോ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്.
മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത്. ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയ നടൻ രണ്ടാംനിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തകർന്ന് താഴെ എത്തിയ ഷൈൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആ സമയത്ത് നടന്റെ തലയിൽ തൊപ്പിയുണ്ടായിരുന്നു.
2015ലെ കൊക്കെയ്ൻ കേസിൽ നടനെ അടുത്തിടെയാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആലപ്പുഴയിൽ യുവതിയെ ഹൈബ്രെിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.