ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ഫെബ്രുവരിയിൽ അമേരിക്കയിലെത്തിയപ്പോൾ നടത്തിയ ചർച്ചയുടെ തുടർച്ചയും ഇന്നുണ്ടായെന്നും മോദി വിവരിച്ചു.
യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മസ്‌കുമായുള്ള മോദിയുടെ ചർച്ച എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയും യു എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതും ട്രംപ് ഭരണകൂടം പരസ്പര താരിഫ് 90 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുള്ള നിർണായകമായ സമയത്താണ് വീണ്ടും മസ്‌കുമായി ചർച്ച നടന്നിട്ടുള്ളത് എന്നത് പ്രസക്തമാണ്.
‘മസ്കിനോനോട് സംസാരിച്ചു, ഈ വർഷം ആദ്യം വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഈ മേഖലകളിൽ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ്’ – മസ്കുമായുള്ള ചർച്ചയെക്കുറിച്ച് മോദി എക്സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ മോദി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണാൻ വാഷിംഗ്ടൺ ഡിസി സന്ദർശിച്ചപ്പോൾ മസ്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ധനികനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നിവയുടെ ഉടമയുമായ യു എസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനുമായ മസ്‌ക് അന്ന് കുടുംബത്തോടും കുട്ടികളോടും ഒപ്പം മോദിയെ കാണാൻ എത്തിയിരുന്നു.
ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായും ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’ എന്നതിന്റെ അനുഭവം പങ്കുവെച്ചതായും പ്രധാനമന്ത്രി മോദി അന്ന് വ്യക്തമാക്കിയിരുന്നു.