കൊച്ചി: സിനിമ സെറ്റിൽ നടന് ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിലും ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചെന്ന വിവരത്തിലും കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പൊലീസും എക്സൈസും. നടി സിനിമ സംഘടനകൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം.
ഹോട്ടലിൽ ലഹരി ഉപയോഗിക്കുകയോ കൈവശം വെക്കുകയോ ചെയ്തിരുന്നോ എന്ന കാര്യത്തിനും വ്യക്തത വരാനുണ്ട്. ഈ രണ്ട് സംഭവത്തിലും ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാകും. മാസങ്ങൾക്കുമുമ്പ് ഷൂട്ടിങ്ങിനിടെ നടന്ന സംഭവമായതിനാൽ തെളിവുകൾ ശേഖരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. നടി പരാതി നൽകാൻ സ്വമേധയാ മുന്നോട്ടുവരാത്തതും തലവേദനയാകും.
കൂടാതെ, ഹോട്ടൽ മുറിയിൽനിന്ന് ലഹരി ഉപയോഗം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. ഇയാളെ ചോദ്യംചെയ്ത് വിവരങ്ങൾ തേടാനുള്ള വഴിയാണ് ഷൈൻ രക്ഷപ്പെട്ടോടിയതോടെ ഇല്ലാതായത്. നടനെ പിടികൂടിയാൽതന്നെ, തെളിവുകൾ അവശേഷിക്കണമെന്നില്ല.
സംസ്ഥാനത്താദ്യമായി രജിസ്റ്റർ ചെയ്ത കൊക്കെയ്ൻ കേസിൽനിന്ന് ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള സംഘം കുറ്റവിമുക്തരായത് ആഴ്ചകൾക്കു മുമ്പാണ്. അന്വേഷണത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞാണ് കോടതി ഇവരെ വെറുതെവിട്ടത്. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അന്വേഷണം നടപടിക്രമം പാലിച്ച് പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും വിചാരണ കോടതി വിമർശിച്ചിരുന്നു.