വാഷിങ്‌ടൺ: സുസ്മാൻ ഗോഡ്ഫ്രെയ് എന്ന നിയമ സ്ഥാപനത്തിനെതിരെ ഡോണാൾഡ് ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലി ഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് താല്ക്കാലിക ഉത്തരവ് ഇറക്കിയിരിക്കുന്നത്.വ്യക്തിപരമായ പ്രതികാരം തീർക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു.
സ്വകാര്യ അഭിഭാഷകരുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായില്ല. അതൊടൊപ്പം നിയമ സ്ഥാപനത്തിന്റെ കക്ഷികളുടെ ഫെഡറൽ കരാറുകൾ റദ്ദാക്കാനും അഭിഭാഷകർ മുഖേന സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ സമീപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയുമുള്ള ഉത്തരവുകളും കോടതി തടഞ്ഞിട്ടുണ്ട്.
വ്യക്തിപരമായ പ്രതികാരം തീർക്കുന്ന നടപടിയാണെന്നും 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സത്യസന്ധത സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് നിയമ സ്ഥാപനത്തിനെതിരെ നിയമവിരുദ്ധമായി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുസ്മാൻ ഗോഡ്ഫ്രെയ് അധികൃതർ ആരോപിക്കുന്നത് .