ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ നിന്നും അറസ്റ്റിലായി. മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷ പ്രകാരമാണ് ബെല്‍ജിയത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാര്യ പ്രീതി ചോക്‌സിയോടൊപ്പം ആന്റ്വെര്‍പ്പില്‍ താമസിക്കുന്ന മെഹുല്‍ അവിടെ ‘റെസിഡന്‍സി കാര്‍ഡ്’ നേടിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് ആഴ്ചകള്‍ക്കുള്ളിലാണ് ഈ നീക്കം.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അറസ്റ്റ്. മുംബൈ കോടതികള്‍ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പിഎന്‍ബിയില്‍ നിന്ന് 13,500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഈ അഴിമതിയില്‍ അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദിയും ഉള്‍പ്പെടുന്നു. നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലിലാണ്, ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലാണ്.