വാഷിങ്ടൻ : മുപ്പത് ദിവസത്തിൽ അധികം യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ റജിസ്റ്റർ ചെയ്യണമെന്നു ട്രംപ് ഭരണകൂടം. വീഴ്ച വരുത്തിയാൽ പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നാണു ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. എച്ച്–1ബി വീസ, സ്റ്റുഡന്റ്സ് പെർമിറ്റ് തുടങ്ങി കൃത്യമായ രേഖകളോടെ യുഎസിൽ കഴിയുന്നവരെ പുതിയ നിർദേശം ബാധിക്കില്ല. എന്നാൽ എച്ച്–1ബി വീസയിൽ എത്തി ജോലി നഷ്ടമായിട്ടും ക്യത്യമായ കാലയളവിനുള്ളിൽ രാജ്യം വിടാത്തവർ നടപടി നേരിടേണ്ടി വരും.
‘‘സ്വയം നാടുകടത്തൽ സുരക്ഷിതമാണ്. വിമാനം ബുക്ക് ചെയ്തു തിരിച്ചു പോകുക. അക്രമിയല്ലാത്ത, നിയമവിരുദ്ധ വിദേശിയായി സ്വയം നാടുകടത്തുകയാണെങ്കിൽ യുഎസിൽ സമ്പാദിച്ച പണം നിങ്ങൾക്ക് നിലനിർത്താം’’– ഹോംലാൻഡ് സെക്യൂരിറ്റി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സ്വയം നാടുകടത്തൽ നിയമാനുസൃത കുടിയേറ്റത്തിനുള്ള സാധ്യത നിങ്ങളുടെ മുന്നിൽ തുറന്നിടുമെന്നും തിരികെ പോകാനുള്ള ചെലവ് താങ്ങാൻ പറ്റാത്തവർക്കു വിമാന ചെലവ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരിച്ചുപോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്തിമ ഉത്തരവ് ലഭിച്ചിട്ടും രാജ്യത്തു തുടരുന്നവർ ദിവസവും ഏകദേശം 85,924 രൂപ പിഴയൊടുക്കേണ്ടിവരും. സ്വയം നാടുകടത്തലിന് വിധേയമാകാമെന്ന് അറിയിച്ചിട്ടും അതിനു തയാറാകാത്തവർക്കു 86,096 മുതൽ 4,30,482 രൂപ വരെ പിഴ ഒടുക്കേണ്ടിവരും. സ്വയം നാടുകടത്തിയില്ലെങ്കിൽ ചിലപ്പോൾ ജയിൽ വാസവും ലഭിച്ചേക്കാം.