Thursday, April 17, 2025
HomeAmericaനാസക്കും ശാസ്ത്രജ്ഞർക്കും ട്രംപിന്‍റെ പണി: ബജറ്റിൽ 49 ശതമാനത്തോളം വെട്ടിച്ചുരുക്കൽ

നാസക്കും ശാസ്ത്രജ്ഞർക്കും ട്രംപിന്‍റെ പണി: ബജറ്റിൽ 49 ശതമാനത്തോളം വെട്ടിച്ചുരുക്കൽ

ന്യൂയോർക്ക്: ട്രംപിന്‍റെ അടുത്ത നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നാസക്കും ശാസ്ത്രജ്ഞർക്കുമായിരിക്കും ട്രംപിന്‍റെ അടുത്ത പണി കിട്ടുകയെന്നാണ് വ്യക്തമാകുന്നത്.

നാസയുടെ ബജറ്റ് കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്‍റ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനുള്ള നീക്കം ട്രംപ് സജീവമാക്കിയെന്നാണ് വ്യക്തമാകുന്നത്. നാസയുടെ ആകെ ബജറ്റിന്‍റെ 20 ശതമാനം കുറയ്ക്കാനുള്ള ശുപാർശ അമേരിക്കൻ പ്രസിഡന്‍റ് നൽകിക്കഴിഞ്ഞെന്നാണ് വിവരം. പ്രധാന നാസ കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികൾക്കുള്ള ബജറ്റിൽ കടുവെട്ടാണ് പ്രസിഡന്‍റ് ലക്ഷ്യമിടുന്നത്. ഈ ബജറ്റിൽ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മൊത്തത്തിൽ തന്നെ ബാധിക്കുന്നതാകും അമേരിക്കൻ പ്രസിഡന്‍റിന്‍റെ 49 ശതമാനം വെട്ടിച്ചുരുക്കൽ തീരുമാനമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വൈറ്റ് ഹൗസിന്‍റെ കരട് പദ്ധതി 5 ബില്യൺ ഡോളർ വെട്ടികുറയ്ക്കൽ ശുപാർശ ചെയ്യുന്നതായാണ് റിപ്പോർട്ട്. സുപ്രധാന ശാസ്ത്ര ഗവേഷണ പദ്ധതികളെ നീക്കം പ്രതികൂലമായി ബാധിക്കും. നാസയുടെ ശാസ്ത്ര ഗവേഷണ പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്‍റെ  നീക്കം. സെപ്തംബറിലാണ് അമേരിക്കയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന്‍റെ  കരടിലാണ് വൈറ്റ് ഹൗസിന്‍റെ അസാധാരണ വെട്ടിച്ചുരുക്കൽ.

നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടുകയാണെങ്കിൽ ആഘാതം കൂടുതൽ അനുഭവിക്കേണ്ടി വരിക ഏജൻസിയുടെ സയൻസ് മിഷൻസ് ഡയറ്ക്ട്രേറ്റാണ്. 750 കോടി ഡോളറിന്‍റെ ബജറ്റ് 390 കോടിയിലേക്ക് വെട്ടിച്ചുരുക്കാനാണ് നിർദ്ദേശം. പ്ലാനറ്ററി സയൻസ്, ആസ്ട്രോഫിസിക്സ് വിഭാഗങ്ങളിലെ ഗവേഷണ പദ്ധതികളെല്ലാം ഈ വകുപ്പിന് കീഴിലാണ്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ് പദ്ധതി ഇതോടെ ഇല്ലാതാകും. നിർമ്മാണം ഏറെക്കുറെ പൂർത്തിയായ ടെലിസ്കോപ്പിന്‍റെ പരിശോധനകൾ നാസയുടെ ഗൊഡ്ഡാർഡ് സ്പേസ് സെന്‍ററിൽ തുടരുന്നതിനിടെയാണ് നീക്കം. ഹബിളും ജെയിംസ് വെബ്ബ് ടെലിസ്കോപ്പും അടക്കം സുപ്രധാന ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ഗോഡ്ഡാർഡ് സ്പേസ് സെന്റർ അടച്ചുപൂട്ടാനാണ് ശുപാർശ. ചൊവ്വയിൽ നിന്ന് സാമ്പിൾ തിരിച്ചെത്തിക്കാനുള്ള പദ്ധതിക്കും പൂട്ട് വീഴും. ശുക്രനിലേക്കുള്ള വീനസ് ദൗത്യവും ഉപേക്ഷിക്കേണ്ടി വരും. ഗോഡ്ഡാർ‍ഡ് സെന്റർ അടച്ചുപൂട്ടിയാൽ ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും.

നാസയ്ക്ക് മാത്രമല്ല ആഗോള ശാസ്ത്ര സമൂഹത്തിന് തന്നെ ഇത് വലിയ ആഘാതമാകും. നാസ അഡ്മിനിസ്ട്രേറ്ററായി ട്രംപ് ഭരണകൂടം നാമനിർദ്ദേശം ചെയ്ത ജാറെഡ് ഐസക്മാൻ കൺഫർമേഷൻ ഹിയറിംഗിൽ ശാസ്ത്ര പര്യവേഷണ പദ്ധതികൾ തുടരുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. പുതിയ നീക്കങ്ങളെ പറ്റി ഐസക്മാനോട് ചർച്ച നടത്തിയിട്ട് പോലുമില്ലെന്നാണ് വിവരം. കാലാവസ്ഥ പഠനത്തിനുള്ള മുൻനിര ഏജൻസിയായ എൻ ഒ ഒ എയിലും വൻ വെട്ടിച്ചുരുക്കലാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. അമേരിക്കൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെല്ലാം ട്രംപ് നയങ്ങൾ കാരണം അസ്ഥിരമായിരിക്കുകയാണ്. നാസയുടെ ചിറകരിയുന്ന ട്രംപിന്‍റെ നീക്കങ്ങൾക്ക് കോൺഗ്രസ് തടയിടുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments