തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തി പ്രാപിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ മഴ പെയ്‌തിരുന്നു.
വരുംമണിക്കൂറുകളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സീസണിലെ ആദ്യ ന്യൂനമർദ്ദമാണ് ഇത്.
ഇന്നലെ കോഴിക്കോട് ജില്ലയിലെ ഉൾപ്പെടെ വടക്കൻ ജില്ലകളിൽ പലയിടത്തും വൈകീട്ട് മുതൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായിരുന്നത്. മലയോര മേഖലയിൽ നേരത്തെ തന്നെ മഴ തുടങ്ങിയിരുന്നു. പലയിടത്തും കാറ്റ് ആഞ്ഞുവീശിയിരുന്നു. കടുത്ത മഴ രാത്രിയിലും തുടരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. എന്നത് മഴ മൂലം കനത്ത ചൂടിന് നേരിയ ശമനം ഉണ്ടായി എന്നതാണ് ആശ്വാസകരമായ പ്രധാന കാര്യം
ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
വേനൽ മഴയ്ക്കിടയിലും കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.