വാഷിംഗ്ടൻ: താരിഫ് യുദ്ധം ലോകത്ത് മുറുകുമ്പോളും ‘നാടുകടത്തൽ’ കടുപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന് റിപ്പോർട്ട്. ഇത്രയും നാളായിട്ടും അമേരിക്ക വിടാത്ത അനധികൃത കുടിയേറ്റക്കാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിലുള്ള കുടിയേറ്റക്കാർക്ക് പ്രതിദിനം 1000 ഡോളർ പിഴ ഏർപ്പെടുത്താൻ ട്രംപ് നീക്കം സജീവമാക്കി എന്നാണ് വ്യക്തമാകുന്നതത്. ഇത്തരം കുടിയേറ്റക്കാരുടെ സ്വത്തും കണ്ടുകെട്ടാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപടി കൈവരിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ നീക്കത്തിലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാർ യു.എസ് വിട്ടുപോകുന്നില്ലെങ്കിൽ ഒരു ദിവസം 1000 ഡോളർ വരെ പിഴ ചുമത്തുമെന്ന് റോയിട്ടേഴ്‌സ്, രേഖകൾ അടക്കം ചൂണ്ടിക്കാട്ടി വിവരിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സാധ്യതയുള്ള പദ്ധതികളാണ് ട്രംപ് അസൂത്രണം ചെയ്യുന്നത് എന്നാണ് വ്യക്തമാകുന്നത്.
1996-ലെ ഫെഡറൽ നിയമത്തിൽ നിന്നാണ് ഈ പദ്ധതികൾ ഉരുത്തിരിഞ്ഞത്. “അന്തിമ നീക്കം ചെയ്യൽ ഉത്തരവ്” നടപ്പിലാക്കുന്ന ഏതൊരു കുടിയേറ്റക്കാരനും യുഎസിൽ നിന്ന് പുറത്തുപോകാൻ “മനഃപൂർവ്വം പരാജയപ്പെടുകയോ വിസമ്മതിക്കുകയോ ചെയ്താൽ” അവർക്ക് പ്രതിദിനം “500 ഡോളറിൽ കുറയാത്ത” സിവിൽ പിഴ ചുമത്താമെന്നാണ് നിയമം. ഇത് മുൻനിർത്തിയാണ് ട്രംപിന്റെ പുതിയ നീക്കം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അനധികൃത കുടിയേറ്റക്കാരിൽ മൂന്നിലൊന്ന് പേർക്കും ഈ നിർദ്ദിഷ്ട പിഴകൾ താങ്ങാനാവാത്തതായിരിക്കും; അനധികൃത കുടിയേറ്റക്കാരിൽ 26 ശതമാനം പേരുടെയും കുടുംബ വരുമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019 ലെ പഠനം പറയുന്നത്.