Wednesday, April 30, 2025
HomeBreakingNewsവംശനാശം സംഭവിച്ച ഡയർ ചെന്നായയെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായി ശാസ്ത്രജ്ഞർ

വംശനാശം സംഭവിച്ച ഡയർ ചെന്നായയെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായി ശാസ്ത്രജ്ഞർ

ടെക്സാസ് : ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ ചെന്നായയെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായി ശാസ്ത്രജ്ഞർ. രണ്ട് കുട്ടികളെയാണ് ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോ സയൻസസിലെ ശാസ്ത്രജ്ഞർ വീണ്ടും ഭൂമിയിൽ ജീവിപ്പിച്ചത്. റോമുലസ് എന്നും റീമസ് എന്നുമാണ് ചെന്നായക്കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. ആറ് മാസമാണ് ഇവരുടെ പ്രായം. ഡിഎൻഎ ക്ലോണിങ്, ജീൻ എഡിറ്റിങ് തുടങ്ങിയ പ്രക്രിയകളിലൂടെയാണ് 12,000ത്തിലധികം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ ചെന്നായ്ക്കളെ വീണ്ടും സൃഷ്ടിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എച്ച്ബിഒ സീരീസായ ​ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്തരായവരാണ് ഡയർ ചെന്നായ്ക്കൾ. ‍ഡെയർ ചെന്നായകളുമായി ഏറ്റവുമധികം സാമ്യമുള്ള ​ഗ്രേ ചെന്നായകളുടെ ഡിഎൻഎ ഉപയോ​ഗിച്ചായിരുന്നു പരീക്ഷണം. 12,500 വർഷവും 70,000 വർഷവും പഴക്കമുള്ള ഫോസിലിൽ നിന്ന് ഡയർ ചെന്നായ്ക്കളുടെ ഡിഎൻഎ വേർതിരിച്ചെടുത്താണ് ഇവയുടെ ജനിതക ഘടന പഠിച്ചത്. ഗ്രേ ചെന്നായ്ക്കളുടെ ഭ്രൂണത്തിന്റെ ജനിതകഘടനയിൽ ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എഡിറ്റിങ്ങുകൾ നടത്തി ഡയർ ചെന്നായ്ക്കളുടെ ജനിതകഘടന സൃഷ്ടിക്കുകയായിരുന്നു. ഡയർ ചെന്നായ്ക്കളുടെ എല്ലാ ജനിതക സ്വഭാവങ്ങളോടും കൂടിയ ചെന്നായ്ക്കളാണ് ജന്മമെടുത്തതെന്ന് ഇവർ വ്യക്തമാക്കി.

വടക്കേ അമേരിക്കയിൽ കാണപ്പെട്ടിരുന്ന പ്രധാന വേട്ടമൃ​ഗങ്ങളിലൊന്നായിരുന്നു ഡയർ ചെന്നായ്ക്കൾ. ചാര ചെന്നായ്ക്കളേക്കാൾ വലിപ്പം കൂടുതലുള്ള ഇവയ്ക്ക് കട്ടിയുള്ള രോമങ്ങളും ശക്തമായ താടിയെല്ലുകളുമാണുണ്ടായിരുന്നത്. 1858ലാണ് ഇവയ്ക്ക് ഡെയർ എന്ന പേര് നൽകുന്നത്. വടക്കേ അമേരിക്കയിലെ സമതലങ്ങൾ, പുൽമേടുകൾ, തെക്കേ അമേരിക്കയിലെ വരണ്ട സവന്ന എന്നിവിടങ്ങളിൽ നിന്ന് ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമടക്കമുള്ളവയാണ് ഇവയുടെ വംശനാശത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

മനുഷ്യരുമായി അകലം പാലിക്കുന്നവരാണ് ഡയർ ചെന്നായ്ക്കളെന്നും റോമുലസും റീമസും ഇതേ സ്വഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. പ്രശസ്ത സീരീസായ ​ഗെയിം ഓഫ് ത്രോൺസിൽ ഡയർ ചെന്നായ്ക്കൾ പ്രധാന കഥാപാത്രങ്ങളായി തന്നെ എത്തുന്നുണ്ട്. വംശനാശം സംഭവിച്ച വൂളി മാമത്ത്, ഡോഡോ തുടങ്ങിയവയെയും ഇത്തരത്തിൽ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments