Wednesday, April 23, 2025
HomeIndiaവഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

വഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം കൂടി പുറപ്പെടുവിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ ഹരജിയിലെ ആവശ്യം. നിയമത്തിനെതിരെ സുപ്രിംകോടതിയിൽ നിരവധി ഹരജികളെത്തുകയും അവ 16ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.

കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ടുവരാനുള്ള സാഹചര്യം എന്താണ് എന്നതിനെക്കുറിച്ചായിരിക്കും കോടതിയിൽ വാദം നടക്കുക. വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‍ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ആർജെഡി, മുസ്‍ലിം ലീഗ്, ഡിഎംകെ, സമസ്ത തുടങ്ങിയവയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കോൺ​ഗ്രസ് എംപി മുഹമ്മദ് ജാവേദ്, ‌എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി നടപ്പാക്കിയാൽ ഉണ്ടാകാൻ പോവുന്ന ദോഷങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് ഹരജിക്കാർ ഒരുങ്ങുന്നത്.

പ്രതിപക്ഷ എതിർപ്പ് അവ​ഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദ​ഗതി ബിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments