ഗുവാഹത്തി: വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച അധ്യക്ഷൻ മുഹമ്മദ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. തൗബാൽ ജില്ലയിലെ ലിലോങ്ങിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ചുകൊണ്ട് അസ്കർ അലി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടിന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം വീട് നശിപ്പിക്കുകയും പിന്നീട് തീയിടുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് തന്റെ മുൻ പ്രസ്താവനക്ക് ക്ഷമാപണം നടത്തി അലി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിയമത്തോടുള്ള എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച അരങ്ങേറിയത്. 5000ത്തോളംവരുന്ന പ്രതിഷേധക്കാർ ലിലോങ്ങിലെ ദേശീയ പാത 102ൽ തടിച്ചുകൂടി. ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാരെത്തിയത്.
സംഭവത്തിനെ തുടർന്ന് ലിലോങ്ങിൽ തൗബാൽ ജില്ലാ ഭരണകൂടം ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും പൊതുജനങ്ങൾ തോക്കുകൾ, വാളുകൾ, വടികൾ, കല്ലുകൾ അല്ലെങ്കിൽ മറ്റ് മാരകായുധങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നത് നിരോധിച്ചു.