Monday, April 14, 2025
HomeAmericaപ്രതികാരച്ചുങ്കം: ട്രംപിനെതിരെ പ്രതിഷേധം

പ്രതികാരച്ചുങ്കം: ട്രംപിനെതിരെ പ്രതിഷേധം

ന്യൂയോർക്ക്‌: പ്രതികാരച്ചുങ്കം പ്രഖ്യാപിച്ച് ആ​ഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയ പ്രസിഡന്റ് ‍ ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ജനം തെരുവിലിറങ്ങി. ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണിത്. 1,200 കേന്ദ്രങ്ങളിൽ “ഹാൻഡ്സ് ഓഫ്’ എന്നപേരില്‍ റാലികള്‍ അരങ്ങേറി. ബോസ്റ്റൺ, ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, വാഷിങ്‌ടൺ ഡിസി തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

തൊഴിലാളി യൂണിയനുകൾ, പൗരാവകാശസംഘടനകൾ, ലൈം​ഗികന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുൾപ്പെടെ 150ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതികാരച്ചുങ്കം ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ലണ്ടൻ, പാരീസ്, ബെർലിൻ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലും ജനങ്ങൾ ഒത്തുകൂടി. “ജനങ്ങളെ വേദനിപ്പിക്കുന്നത് നിർത്തുക’, “അവൻ ഒരു വിഡ്ഢി’യാണ് എന്നീ ബാനറുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലണ്ടനിൽ പ്രതിഷേധിച്ചു. യുഎസ് സർവകലാശാല വിദ്യാർഥികൾക്കെതിരെ നടത്തിയ റെയ്ഡുകളാണ് തങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്ന് ബോസ്റ്റണിലെ പ്രക്ഷോഭകർ പറഞ്ഞു.

വാഷിങ്‌ടൺ ഡിസിയിൽ ഡെമോക്രാറ്റിക് എംപിമാരുടെ പ്രസംഗങ്ങൾ കേൾക്കാൻ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. സർക്കാരിനെ ശതകോടീശ്വരൻ ഏറ്റെടുത്തതിനെ നേതാക്കൾ അപലപിച്ചു. ‘നിങ്ങൾ ജനങ്ങളിൽനിന്ന് മോഷ്ടിക്കുമ്പോൾ, ബാലറ്റ് പെട്ടിയിലും തെരുവുകളിലും അവർ എഴുന്നേറ്റു നിൽക്കുമെന്ന് പ്രതീക്ഷിക്കുക’–- ഫ്‌ളോറിഡയിൽനിന്നുള്ള അംഗം മാക്‌സ്‌വെൽ ഫ്രോസ്റ്റ്‌ പറഞ്ഞു.

അതേസമയം, ട്രംപ്‌ പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചശേഷം ചർച്ച നടത്താൻ അമ്പതിലധികം രാജ്യങ്ങൾ ബന്ധപ്പെട്ടതായി ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ട്രംപുമായി ചർച്ചക്ക്‌ വാഷിങ്‌ടണിലെത്തും.

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അധികതീരുവ ചുമത്തിയത്‌ വിലക്കയറ്റത്തിന്‌ ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ “കഠിനമായി പിടിച്ചുനിൽക്കാനാ’ണ്‌ ട്രംപ് ആവശ്യപ്പെടുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments