Saturday, April 12, 2025
HomeGulfമസ്‌ക്കത്തില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി ഇൻഡിഗോ

മസ്‌ക്കത്തില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി ഇൻഡിഗോ

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനം. മലബാറിലെ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്. ഏറെ യാത്രക്കാരുള്ളതും എന്നാല്‍ വേണ്ടത്ര സര്‍വീസ് ഇല്ലാത്തതുമായ മേഖലയാണ് ഉത്തര മലബാര്‍.

ഒമാനില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആണ് കണ്ണൂരിലേക്ക് ഇന്‍ഡിഗോ നടത്തുക. യുഎഇയിലേക്കും ഖത്തറിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ടെങ്കിലും ഒമാനിലേക്ക് വേണ്ടത്ര സര്‍വീസില്ല. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുക. യാത്രാ സമയം, വിവിധ കാറ്റഗറിയിലെ ടിക്കറ്റ് നിരക്ക്, എന്നിവ അറിയാം…

താരതമ്യേന ചെലവ് കുറഞ്ഞ യാത്രയ്ക്ക് അവസരം ഒരുക്കുന്ന ഇന്‍ഡിഗോ എത്തുമ്പോള്‍ പ്രവാസികള്‍ വലിയ പ്രതീക്ഷയിലാണ്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മസ്‌ക്കത്തില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സര്‍വീസുണ്ടാകും. രാത്രിയാണ് യാത്ര. അതേസമയം, വാരാന്ത്യത്തില്‍ സര്‍വീസ് കൂട്ടിയാല്‍ കമ്പനി ജോലിക്കാര്‍ക്ക് നേട്ടമാകും.

കണ്ണൂരില്‍ നിന്ന് രാത്രി 12.40നാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ 2.30ന് മസ്‌ക്കത്തിലെത്തും. അന്നു തന്നെ പുലര്‍ച്ചെ 3.35ന് മസ്‌ക്കത്തില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8.30ന് കണ്ണൂരിലെത്തും. രാത്രി യാത്രയാണ് എന്നത് നേരിയ വെല്ലുവിളിയാണ്. എന്നാല്‍ രാത്രി യാത്ര ഇഷ്ടപ്പെടുന്നവരും ഏറെയാണ്. രാവിലെ ജോലിക്ക് കയറേണ്ടവര്‍ക്ക് കണ്ണൂരില്‍ നിന്ന് രാത്രി പുറപ്പെട്ടാല്‍ സൗകര്യമാകും.

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ ഗള്‍ഫ് സര്‍വീസ് വേണമെന്ന് പ്രവാസികള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ഒമാന്‍-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള സര്‍വീസ് ആണ് നിലവിലുള്ളത്. എന്നാല്‍ ഇന്‍ഡിഗോ കൂടി എത്തുന്നതോടെ മല്‍സരം കടുക്കും. ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കുമെന്നതും പ്രവാസികള്‍ക്ക് നേട്ടമാണ്.

സേവ് ഫെയര്‍, ഫ്‌ളക്‌സ് ഫെയര്‍, സൂപ്പര്‍ ഫെയര്‍ എന്നീ ടിക്കറ്റുകളാണ് ഇന്‍ഡിഗോ നല്‍കുന്നത്. ആദ്യ രണ്ട് ഇനം ടിക്കറ്റുകളിലും ഏഴ് കിലോ ബാഗേജും 30 കിലോ ലഗേജും അനുവദിക്കും. മൂന്നാമത്തേതില്‍ 35 കിലോ ലഗേജ് അനുവദിക്കും. ആദ്യ ഇനം ടിക്കറ്റില്‍ സൗജന്യ ഭക്ഷണം ഉണ്ടാകില്ല. ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള യാത്ര ആയതിനാല്‍ ഭക്ഷണത്തിന് താല്‍പ്പര്യപ്പെടുന്ന പ്രവാസികള്‍ കുറവാണ്.

10000-11500 രൂപയ്ക്ക് ഇടയിലാണ് ഏപ്രില്‍ മാസത്തില്‍ കണ്ണൂര്‍-മസ്‌ക്കത്ത് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇതില്‍ നേരിയ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ നിന്ന് നിലവില്‍ 11 വിമാനത്താവളങ്ങളിലേക്കാണ് വിമാന സര്‍വീസുള്ളത്. അബുദാബി, ഷാര്‍ജ, ദോഹ, ദുബായ്, മസ്‌ക്കത്ത് തുടങ്ങി ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ നിരവധിയാണ്. യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ ഇനിയും സര്‍വീസ് കൂട്ടണം എന്ന ആവശ്യം ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments